തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ലേബർ റൂം 97.5%, മെറ്റേർണിറ്റി ഒ.ടി 98.5% എന്നീ സ്‌കോറുകളോടെയാണ് അംഗീകാരം. പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ പതിനൊന്നാമത്തെ ആശുപത്രിയാണ് എസ്.എ.ടി. മാതൃശിശുമരണ നിരക്ക് കുറയ്ക്കുക,ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.എസ്.എ.ടി. ആശുപത്രിയെ സെന്റർ ഒഫ് എക്സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണിക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന 'അമ്മയ്‌ക്കൊരു കൂട്ട്' പദ്ധതി നടപ്പിലാക്കി വരുന്നു.ലേബർ റൂമും മെറ്റേർണിറ്റി ഓപ്പറേഷൻ തീയേറ്ററും അനുബന്ധ സംവിധാനങ്ങളും നവീകരിച്ചു.പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.