
തിരുവനന്തപുരം:മികച്ച പ്രകടനത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ പുരസ്ക്കാരം. സംസ്ഥാനത്ത് 20ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചതിനാണ് അംഗീകാരം.അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് പുരസ്കാരം സമ്മാനിച്ചു.
സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽ നൈപുണ്യം, പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള മികവ് കണക്കിലെടുത്താണ് അംഗീകാരം.ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയായാകുക ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന തലപ്പാടി ചെങ്കള റീച്ചാണ്. സംസ്ഥാനത്തെ വടക്കേയറ്റത്തെ ഈ റീച്ചിൽ ആറു വരിപ്പാതയുടെ 36ൽ 28.5 കിലോമീറ്ററും സർവ്വീസ് റോഡിന്റെ 66ൽ 60.7 കിലോമീറ്ററും ഡ്രയിൻ ലൈൻ 76.6ൽ 73 കിലോമീറ്ററും പൂർത്തിയായി. വലിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഓരോന്ന് 85ഉം 80ഉം ശതമാനം വീതവും ചെറിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണ്ണമായും ഓരോന്ന് 85ഉം 50ഉം ശതമാനം വീതവും പൂർത്തിയായി.
എ.ഐ അദ്ധ്യാപക
പരിശീലനം : മൊഡ്യൂൾ
പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അദ്ധ്യാപക പരിശീലനത്തിന്റെ മൊഡ്യൂൾ മൂന്നാറിൽ പ്രകാശനം ചെയ്തതായി മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേയ് രണ്ട് മുതൽ ആഗസ്റ്റ് 31 വരെ നീളുന്ന പരിശീലനത്തിൽ എൺപതിനായിരം അദ്ധ്യാപകർ പങ്കെടുക്കും.
ആദ്യ ഘട്ടത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അദ്ധ്യാപകർക്കാണ് പരിശീലനം. രണ്ടാം ഘട്ടത്തിൽ പരിശീലനം പ്രൈമറി - അപ്പർ പ്രൈമറിയിലേക്ക് വ്യാപിപ്പിക്കും. ഡിസംബർ 31നകം കേരളത്തിലെ മുഴുവൻ അദ്ധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രായോഗിക പരിശീലനം നൽകും..
റിപ്പോർട്ടില്ലാത്ത
51 പദ്ധതികൾക്ക് പിഴ
തിരുവനന്തപുരം: ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാതിരുന്ന 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (കെറെറ) പിഴ ചുമത്തി. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സമർപ്പിക്കേണ്ടിയിരുന്ന റിപ്പോർട്ടുകൾ അനുവദിച്ച അധിക സമയത്തിനുശേഷവും സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിട്ടിയുടെ നടപടി.
100 കോടിക്ക് മുകളിൽ മുകളിൽ പദ്ധതി അടങ്കൽ വരുന്ന പദ്ധതികൾക്ക് 50,000 രൂപയും 50 മുതൽ 100 കോടി വരെയുള്ള പദ്ധതികൾക്ക് 25,000 രൂപയും 50 കോടിക്ക് താഴെയുള്ള പദ്ധതികൾക്ക് 10,000 രൂപയുമാണ് പിഴ. ചില പ്രൊമോട്ടർമാരുടെ ഭാഗത്തു നിന്നുള്ള ഇത്തരം നിയമലംഘനങ്ങൾ ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുന്നതും ഈ നിയമ സംവിധാനത്തിന്റെ ഉദ്ദേശ്യത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് അതോറിട്ടി വിലയിരുത്തി.