
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് ഓരോ കേന്ദ്രത്തിലും ദിവസം 30 പേർക്ക് മാത്രം നടത്തണമെന്ന മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നിർദ്ദേശം പിൻവലിച്ചു. നാളെ മുതൽ ദിവസം 60 പേർക്ക് ടെസ്റ്റ് നടത്തും. മന്ത്രിയുടെ നിർദ്ദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്നാണിത്. ഇതിനൊപ്പം ടെസ്റ്റിൽ മറ്റുചില പരിഷ്കാരങ്ങളും വരുത്തി. നാലു ചക്രവാഹനങ്ങൾക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ 'എച്ച്' എടുക്കാൻ അനുവദിക്കൂ. നിലവിൽ തിരിച്ചാണ്. ടെസ്റ്റ് കർശനമാക്കുന്നതിന്റെ ഭാഗമാണിത്.
പലപ്പോഴും റോഡ് ടെസ്റ്റ് 'വഴിപാടായി' മാറുന്നുവെന്ന വിമർശനം ഒഴിവാക്കാൻ കൂടിയാണ് പുതിയ പരിഷ്കാരം. ട്രാഫിക് നിയമങ്ങൾ മനസിലാക്കി നന്നായി വാഹനമോടിക്കാനായാൽ 'എച്ച്' ടെസ്റ്റ് കഠിനമായി തോന്നില്ലെന്നും വിലയിരുത്തുന്നു. പുതുതായി 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമടക്കം 60 പേർക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക. ടെസ്റ്റ് ദിവസവും 30 മാത്രമാക്കിയാലുള്ള അപ്രായോഗികത നേരത്തേ കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
കഠിന ടെസ്റ്റ് തത്കാലമില്ല
'എച്ച് ' എടുക്കുന്നതിനൊപ്പം പാരലൽ പാർക്കിംഗും, കയറ്റത്തിൽ നിറുത്തലുമടക്കമുള്ള ടെസ്റ്റ് പരിഷ്‌കാരങ്ങളും നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും തത്കാലമില്ല. മാവേലിക്കരയിൽ മാത്രമാണ് നിലവിൽ ഇതിന് സൗകര്യമുള്ളത്. മറ്റിടങ്ങളിൽ ആയിട്ടില്ല.
എൽ.ഡി.സി പരീക്ഷ
8 ഘട്ടമായി നടത്തും
#തിരുവനന്തപുരത്ത് ജൂലായ് 27 ന്,
തിരുവനന്തപുരം; വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിന് ഇത്തവണ എട്ട് ഘട്ടമായി പരീക്ഷ നടത്തും. ജൂലായ് 27ന് തിരുവനന്തപുരം ജില്ലയ്ക്ക് മാത്രമായി പരീക്ഷ.. ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി ബാക്കി ഏഴ് ഘട്ടം പരീക്ഷ പൂർത്തിയാക്കും. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരത്താണ്-. 1.74 ലക്ഷം .14 ജില്ലകളുടെയും തസ്തിക മാറ്റത്തിനുള്ള പരീക്ഷ ഒരു ഘട്ടമായി ഒക്ടോബറിൽ നടത്തും. .ഓഗസ്റ്റിലെ കലണ്ടറിൽ തിയതി പ്രഖ്യാപിക്കും.ഇത്തവണത്തെ മൊത്തം 12,95,446 അപേക്ഷകൾ ലഭിച്ചിരുന്നു.
പരീക്ഷാക്രമം
തിരുവനന്തപുരം- ജൂലായ് 27
കൊല്ലം, കണ്ണൂർ- ഓഗസ്റ്റ്
പത്തനംതിട്ട, തൃശൂർ, കാസർകോട്-ഓഗസ്റ്റ്
ആലപ്പുഴ, പാലക്കാട്-സെപ്റ്റംബർ
കോട്ടയം, കോഴിക്കോട്- സെപ്റ്റംബർ
ഇടുക്കി, മലപ്പുറം-ഒക്ടോബർ
എറണാകുളം, വയനാട്-ഒക്ടോബർ
തസ്തികമാറ്റം (14 ജില്ലകൾ)-ഒക്ടോബർ