
കൽപ്പറ്റ: രാഹുൽഗാന്ധി എം.പി നാളെ ഉച്ചയ്‌ക്ക് 12ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പത്രികാസമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ ടൗണിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ റോഡ്‌ഷോ നടക്കും. മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ നിലമ്പൂർ, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകർ റോഡ്‌ഷോയിൽ അണിനിരക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ റോഡ്‌ഷോയിൽ പങ്കെടുക്കും.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്ടറിറങ്ങുന്ന രാഹുൽ റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ചശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ലാകളക്ടർ രേണുരാജിന് രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.