
വൈത്തിരി (വയനാട്): സുഗന്ധഗിരിയിൽ ആദിവാസി ഭൂമിയിൽ നിന്ന് അനധികൃതമായി മരം മുറിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ആറു പേർ കസ്റ്റഡിയിൽ.
കണിയാമ്പറ്റ കരണി സ്വദേശി കാഞ്ഞിരക്കൂട്ടിൽ എം.കെ പ്രിൻസ് (26), ചുണ്ടേൽ കണ്ണഞ്ചാത്ത് സ്വദേശി കാര്യകത്ത് വീട്ടിൽ അബൂതാഹിർ (42), കോഴിക്കോട് നാഗോട്ടി പറമ്പിൽ സുധീർകുമാർ (62) എന്നിവരാണ് അറസ്റ്റിലായത്. മുട്ടിൽ വാര്യാട് സ്വദേശി ഇബ്രാഹിം (44), മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ് (39) , മണ്ടാട് സ്വദേശി ചന്ദ്രദാസ് (45) , കോഴിക്കോട് മണൽവയൽ സ്വദേശി അബ്ദുൾ നാസർ (48), കൈതപ്പൊയിൽ സ്വദേശി ഹസൻകുട്ടി (52) , എരഞ്ഞിക്കൽ സ്വദേശി ഹനീഫ (48) എന്നിവരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത് . ചോദ്യം ചെയ്തസശേഷം അറസ്റ്റ് രേഖപ്പെടുത്തും.
20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ നൂറിലധികം മരങ്ങൾ മുറിക്കുകയായിരുന്നു. കേസ് അന്വേഷിക്കാനായി നാലംഗ സമിതിയെ കഴിഞ്ഞ ദിവസം സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കോട്ടയം വനം വിജിലൻസ് മേധാവി അദ്ധ്യക്ഷനായുള്ള സമിതിക്കാണ് അന്വേഷണ ചുമതല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.മുട്ടിൽ മരംമുറിക്കു ശേഷം വനം വകുപ്പിന് കളങ്കമുണ്ടാക്കുന്ന തരത്തിലാണ് സുഗന്ധഗിരി മരം മുറി നടന്നത്. കേസിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെയും രണ്ട് വനം വാച്ചർമാരെയും സസ്‌പെൻഡ് ചെയ്തു.