 
കൽപ്പറ്റ: നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ പാർട്ടി കൊടികൾ ഉപയോഗിക്കാത്തതിനെച്ചൊല്ലി വിവാദം. യു.ഡി.എഫ് ഘടകകക്ഷികളുടെ കൊടികൾ റോഡ് ഷോയിൽ ഉണ്ടാകാതിരുന്നതിനെ പരിഹസിച്ച് സി.പി.ഐ ജില്ലാ കൗൺസിൽ രംഗത്തുവന്നു. കൊടികൾ ഉപയോഗിക്കാത്തതിനെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദിഖ് എം.എൽ.എ ന്യായീകരിച്ചു.
കോൺഗ്രസിന്റെ കൊടിക്കൊപ്പം മുസ്ലിം ലീഗിന്റെ കൊടിയും റോഡ് ഷോയിൽ
ഉയരുന്നത് ഉത്തരേന്ത്യയിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുമെന്ന ഭീതിയാണ് രാഹുലിനെയും യു.ഡി.എഫിനെയും ഈ ദുരവസ്ഥയിലേക്ക് നയിച്ചതെന്ന്
സി.പി.ഐ കുറ്റപ്പെടുത്തി.ബി.ജെ.പിയെ കോൺഗ്രസ് നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഒഴിവാക്കി എൻ.ഡി.എയ്ക്ക് ഒരു നിയമസഭ സീറ്റു പോലുമില്ലാത്ത കേരളത്തിൽ ഇന്ത്യാ സഖ്യത്തിൽപ്പെട്ട മുന്നണി സ്ഥാനാർഥിയുമായി മത്സരിക്കുന്നതിന് രാഹുൽ ഗാന്ധിയെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനാണ്. മുസ്ലിം ലീഗ് പിന്തുണയില്ലാതെ നിലനിൽക്കാൻ കഴിയാത്ത നേതാവാണ് രാഹുലെന്ന സംഘ്പരിവാർ പ്രചാരണം രാജ്യത്ത് മതേതര ശക്തികൾക്ക് തിരിച്ചടിയാകുമെന്നും പാർട്ടി
ജില്ലാ കൗൺസിൽ പറഞ്ഞു.