
കൽപ്പറ്റ: ''സത്യം എത്ര മൂടിവച്ചാലും ഒരു നാൾ പുറത്ത് വരും. സത്യം കണ്ടെത്തിയ സുപ്രീംകോടതിയോട് അഭിമാനം തോന്നുന്നു. അദ്ധ്യാപക നിയമനത്തിതായി നിയമ പേരാട്ടം നടത്തിയ കൽപ്പറ്റ കരിങ്കുറ്റി ദിവ്യാലയത്തിൽ പി. അവിനാഷ് പറഞ്ഞു.
2015ൽ കാലഹരണപ്പെട്ട വയനാട് എച്ച്. എസ്. എ മലയാളം റാങ്ക് ലിസ്റ്റിലെ പത്തുപേർ വയനാട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇല്ലാതിരുന്ന ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുകൂല വിധി സമ്പാദിക്കുകയായിരുന്നെന്ന് അവിനാഷ് പറഞ്ഞു. 2017-18ലായിരുന്നു ഇത്. 2017ൽ നിലവിൽ വന്ന എച്ച് എസ്.എ മലയാളം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അവിനാഷ് , ജോൺസൺ,റാലി സന്തോഷ്, ഷീമ എന്നിവർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അവിടെയും അനുകൂല വിധി സമ്പാദിച്ച് പത്ത് പേരും ജോലിയിൽ പ്രവേശിച്ചു. ഇതിനെതരെ നാല് പേർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നാലു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ, 2023 ഒക്ടോബർ 18ന് നാലുപേരെയും ഒരു മാസത്തിനുളളിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. 2023 നവംബർ 18നകം ജോലി നൽകണമെന്നായിരുന്നു ഉത്തരവ്. ജോലി ലഭിക്കാതെ വന്നതോടെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. ഇതിനിടെ സംസ്ഥാനം സമർപ്പിച്ച പുന:പരിശോധനാ ഹർജി തള്ളി. ഈ മാസം പത്തിനകം നിയമനത്തിന് ഇന്നലെ ഉത്തരവും വന്നു.