gladi
ഗ്ലാഡി വൈഫെ ഹുൻജാനും സഹപ്രവർത്തകരും

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ വിജയത്തിനായി പ്രവർത്തിക്കാൻ മണിപ്പൂരിൽ നിന്നുള്ള സംഘവും. മണിപ്പൂരിലെ ഹുൻജാൻ ജില്ലയിൽ നിന്നാണ് സംഘം എത്തിയിരിക്കുന്നത്. മണിപ്പൂർ കലാപത്തെത്തുടർന്ന് ജില്ലയിൽ വിദ്യാഭ്യാസത്തിനെത്തിയ കുക്കി കുട്ടികളെ കാണുകയും കുടുതൽ പേർക്ക് പഠന സാദ്ധ്യത ആരായുകയും അവരുടെ സന്ദർശന ലക്ഷ്യമായിരുന്നു. ആനി രാജയുടെ സാന്നിദ്ധ്യം ലോക്സഭയിൽ നിശ്ചയമായും ഉണ്ടാകേണ്ടതാണെന്ന് മണിപ്പൂരിലെ യു.എൻ.എ.യു ട്രൈബൽ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫെ ഹുൻജാൻ പറഞ്ഞു. കൽപ്പറ്റയിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.

പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ഏതറ്റംവരെയും പോകുന്ന നേതാവാണ് ആനി രാജ. ആസൂത്രിത കലാപം മണിപ്പൂരിൽ കുക്കി ജനതയുടെ ജീവിതം ദുസ്സഹമാക്കിയപ്പോൾ ആശ്വാസത്തിനായി ഓടിയെത്തിയവരുടെ മുൻനിരയിലായിരുന്നു ആനി രാജ. അവരിൽ അലിഞ്ഞുചേർന്നതാണ് ധീരതയും മാനവികതയും. കാലപബാധിതരുടെ ഭവനങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും എത്തി വസ്തുതകൾ മനസിലാക്കാനും അത് പുറംലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്നതിനും ആനി രാജ തന്റേടം കാട്ടി. മണിപ്പൂരിലെത്തിയ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ വർക്കിംഗ് സെക്രട്ടറി നിഷ സിദ്ധു, സെക്രട്ടറി ഡോ.കവൽഡിത്ത് ഡില്ലോ, സുപ്രീം കോടതി അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവരടങ്ങുന്ന വസ്തുതാപഠന സംഘത്തെ നയിച്ചത് ആനി രാജയാണ്. സ്വന്തം ജീവൻ പോലും പണയംവച്ചും ത്യാഗം സഹിച്ചും കലാപബാധിത പ്രദേശങ്ങളിൽ ദിവസങ്ങളോളം സഞ്ചരിച്ച് വസ്തുതാപഠന സംഘം തയാറാക്കി സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച റിപ്പോർട്ട് കുക്കി ജനത അനുഭവിച്ച നൊമ്പരത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ആഴം തുറന്നുകാട്ടുന്നതായിരുന്നു. മണിപ്പൂർ കലാപം ഭരണകൂട സൃഷ്ടിയാണെന്നു തുറന്നടിക്കാനുള്ള ധൈര്യവും ആനി രാജ കാട്ടി. ഇതിന്റെ പേരിലാണ് അവർ ഉൾപ്പെടെയുള്ളവർക്കെതിരേ യു.എ.പി.എ പ്രകാരം കേസെടുത്തത്.
സഹായം തേടി ആർക്കും സമീപിക്കാവുന്ന രാഷ്ട്രീയ പ്രവർത്തകയാണ് ആനി രാജ. വിനയം അവരുടെ സവിശേഷതയാണ്. ആനി രാജ പാർലമെന്റ് അംഗമാകുന്നത് വയനാടിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണം ചെയ്യും. ഫാസിസത്തിനും അന്യായത്തിനും അക്രമത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് അവർ നടത്തുന്നത്.

കലാപ ബാധിത കുക്കി കുടുംബങ്ങളിൽനിന്നുള്ള 150 വിദ്യാർത്ഥികൾ കേരളത്തിലാണ് വിദ്യാഭ്യാസം തുടരുന്നത്. ഇതിൽ 12 പേർ വയനാട്ടിലാണ്. മാനന്തവാടി മേരി മാതാ കോളേജിൽ പഠിക്കുന്ന കുക്കി കുട്ടികളെ നേരിൽക്കാണുകയുണ്ടായി. വലിയ സഹായമാണ് കേരളത്തിൽനിന്നു ലഭിച്ചത്. കലാപത്തെത്തുടർന്ന് പഠനം മുടങ്ങിയ അനേകം നഴ്സിംഗ് വിദ്യാർത്ഥികൾ ഇംഫാലിലും പരിസരങ്ങളിലുമുണ്ട്. ഇവരിൽ കുറച്ചുപേർക്കെങ്കിലും പഠനം തുടരാനുള്ള സാദ്ധ്യത ആരാഞ്ഞിട്ടുണ്ട്. വായനയിലൂടെ അറിഞ്ഞ വയനാടിനെ നേരിൽക്കാണുകയെന്നത് ദീർഘകാലത്തെ ആഗ്രഹമായിരുന്നുവെന്നും ഹുൻജാൻ പറഞ്ഞു.