kabani
കിഴക്കോട്ടോ തെക്കേട്ടോ....വറ്റി വരണ്ട കബനിയുടെ കാഴ്ച

*റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

പുൽപള്ളി (വയനാട്): കിഴക്കോട്ടാണ് കബനിയുടെ ഗതി. എന്നാൽ അത് അറിയണമെങ്കിൽ കബനിയിൽ ജലം വേണം. കുലംകുത്തിയൊഴുകിയ കബനിയിലിപ്പോൾ ചുട്ടുപൊളളുന്ന പാറക്കെട്ടുകൾ തുറിച്ചുനിൽക്കുന്നു. ഒരു തുളളി പോലും ഒഴുകാനില്ല!. വയനാട് ജില്ലയിലെ കുടിയേറ്റ കേന്ദ്രമായ പുൽപ്പളളി മേഖല കടുത്ത വരൾച്ചയുടെ പിടിയിലാണ്. നാടും നഗരവും ചുട്ടുപൊളളുന്നു. കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ഒരു കാലത്ത് രാജ്യത്തിന് വിദേശ നാണ്യം നേടിത്തരാൻ മുൻപന്തിയിലുണ്ടായിരുന്ന പ്രദേശം ഇന്ന് മരുഭൂമി കണക്കെയായി.കബനിക്ക് തൊട്ടക്കരെയുളള കർണാടകയുടെ അതേ വരണ്ടഭൂമിയും ചുടുകാറ്റും.

എൺപത് വർഷം മുമ്പ് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റുമായി വയനാട്ടിലേക്ക് ചുരം കയറിയെത്തുമ്പോൾ ഇതായിരുന്നില്ല കാലാവസ്ഥ. നിലക്കാത്ത മഴയും, മരം കോച്ചുന്ന തണുപ്പും മലമ്പനി അടക്കം മാറാ രോഗങ്ങളും പിന്നെ വന്യമൃഗങ്ങളും. കാടും മേടും വെട്ടിത്തെളിച്ച് മണ്ണിനെ പൊന്ന് വിളയുന്ന ഭൂമിയാക്കി മാറ്റി.വലിയൊരു അദ്ധ്വാനത്തിന്റെ കഥ കൂടിയാണ് പുൽപ്പളളിയുടെ ചരിത്രം. പുൽപ്പളളിയിലെ കറുത്ത മണ്ണ് കറുത്ത പൊന്നിന്റെ നാടായി മാറി.ഏറ്റവും കൂടുതൽ കുരുമുളക് വിളയുന്ന പ്രദേശം പുൽപ്പളളിയായി. വയനാടിന്റെ വികസനം മാത്രമല്ല,രാജ്യത്തിന്റെ വികസനവും പുൽപ്പളളി വഴിയായി. ഇന്ന് നട്ടാൽ മുളക്കാത്ത ഭൂമിയായി ഇത് മാറി. ചുട്ടുപൊളളുന്ന കാലാവസ്ഥയിൽ എന്ത് നടും?. അറിയില്ല. ഒരു പ്രദേശം ആകെ ചുട്ടുപൊളളുന്ന ഉഷ്ണക്കാറ്റിൽ വെന്തുരുകുന്നു.

ഉന്നത ഉദ്യോഗസ്ഥ സംഘം

സന്ദർശിച്ചു

അതിരൂക്ഷമായ വരൾച്ചയിൽ കാർഷികവിളകൾ നശിച്ച പാടിച്ചിറ, പുൽപള്ളി വില്ലേജുകളിലെ വിവിധ മേഖലകൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. രൂക്ഷമായ വരൾച്ച നേരിടുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമൗണ്ട്, പാറക്കവല, ചണ്ണോത്തുകൊല്ലി, കുന്നത്തുകവല, ശിശുമല തുടങ്ങിയ പ്രദേശങ്ങളിലും പുൽപ്പള്ളി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സംഘം സന്ദർശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി, പനമരം കൃഷി വകുപ്പ് അസി. ഡയറക്ടർ എ.ടി. വിനോയ്, കൃഷി ഓഫീസർ ടി.എസ്. സുമിന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരൾച്ച മൂലം ഏറ്റവും വലിയ കൃഷിനാശമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷി ഓഫീസിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

മുള്ളൻകൊല്ലി പഞ്ചായത്തിൽ മാത്രം 200 ഹെക്ടറിലേറെ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ വലിയ തോതിലുള്ള കൃഷിനാശമുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒട്ടുമിക്ക തോട്ടങ്ങളിലും കാപ്പിയും കുരുമുളകും കമുകും വാഴയുമടക്കമുള്ള വിളകൾ കരിഞ്ഞുണങ്ങി നശിച്ചു. ബാക്കിയുള്ളവ വാടി നിൽക്കുകയാണ്. മഴ ലഭിച്ചില്ലെങ്കിൽ ഇവയും കരിഞ്ഞുപോകും. ഇതോടെ കൃഷി പൂർണമായി ഇല്ലാതാവുന്ന അവസ്ഥയാവും. വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള റിപ്പോർട്ടാവും കൈമാറുക. ഇതിനൊപ്പം റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് കൂടി സർക്കാരിലേക്ക് കൈമാറിയാൽ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കാനാവും. എങ്കിൽ മാത്രമേ നശിച്ച വിളകൾക്ക് ധനസഹായം വിതരണം ചെയ്യാൻ സാധിക്കൂ. ഇതിന് മുമ്പൊന്നും ഇല്ലാത്ത കൊടും വരൾച്ചയാണ് പുൽപ്പളളി മേഖല അഭിമുഖീകരിക്കുന്നത്.