വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്ന് പിതാവ് ജയപ്രകാശ്. സി.ബി.ഐ സംഘത്തിന് മുമ്പാകെ മൊഴി നൽകിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്.

നേരത്തെ പൊലീസിനോട് ആവർത്തിച്ച അതേ കാര്യങ്ങൾ തന്നെയാണ് തനിക്ക് പറയാനുള്ളത്. കേസിൽ രാഷ്ട്രീയ പശ്ചാത്തലം അടക്കമുള്ള കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ല. അത് പറയേണ്ടതില്ലെന്നാണ് കരുതുന്നത്. തന്റെ സംശയം മുഴുവനായും പറഞ്ഞു. സി.ബി.ഐ വിശദമായി കേട്ടു. കൊലപാതകമാണെന്ന സംശയം ആവർത്തിച്ചു. ചില പേരുകളൊക്കെ താൻ പറഞ്ഞിട്ടുണ്ട്. അത് ഇപ്പോൾ പുറത്ത് പറയാനാകില്ല. കൂടുതൽ പ്രതികളെ ഒഴിവാക്കിയത്‌ പൊലീസിന്റെ കുറ്റം കൊണ്ടാണെന്ന് കരുതുന്നില്ല. ബാഹ്യസമ്മർദ്ദം അത്രയും കൂടുതലുള്ളതിനാലാകാമെന്നും പറഞ്ഞു.

ഇന്നലെ രാവിലെ 11നാണ് വൈത്തിരി ഗവ.റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന സി.ബി.ഐ ഓഫീസിലെത്തി ജയപ്രകാശും ഭാര്യാസഹോദരൻ ഷിബുവും മൊഴി നൽകിയത്. മൊഴി എടുക്കൽ മൂന്നര മണിക്കൂർ നീണ്ടു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളും ജില്ലയിൽ എത്തി. ഇന്ന് തെളിവെടുപ്പ് തുടങ്ങും.