mavo
മാവോയിസ്റ്റുകൾ തീകൊടുത്ത പ്രമോദിന്റെ ബൈക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു (ഫയൽഫോട്ടോ)

രൂപേഷ് ഉൾപ്പെടെ 4 പ്രതികൾ കുറ്റക്കാർ

കൽപ്പറ്റ: മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉൾപ്പെടെയുള്ള നാല് പ്രതികൾക്ക് നാളെ ശിക്ഷ വിധിക്കും. എൻ.ഐ.എ കോടതി ഇവർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വയനാട് ജില്ലയിലെ വെളളമുണ്ടയിൽ 2014 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി ട്രാഫിക് യൂണിറ്റിൽ ജോലി ചെയ്തിരുന്ന പൊലീസുകാരൻ എ.ബി. പ്രമോദിന്റെ നിരവിൽപ്പുഴ മട്ടിലയത്തുള്ള വീട്ടിൽ രാത്രി എത്തിയാണ് മാവോയിസ്റ്റ് ആക്രമണം. ഉന്നത പൊലീസ് അധികൃതർക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകിയതിനായിരുന്നു പ്രമോദിനെതിരെയുള്ള മാവോയിസ്റ്റുകളുടെ നീക്കം ഉണ്ടായത്. വീട്ടുമുറ്റത്തെത്തിയ മാവോയിസ്റ്റ് സംഘം കോളിംഗ്ബെൽ അടിച്ചു. ആരാണെന്ന് നോക്കാനായി ജനൽ തുറന്നപ്പോൾ അഴികൾക്കിടയിലൂടെ പ്രമോദിന്റെ കൈയിൽ പിടിക്കുകയായിരുന്നു. താൻ രൂപേഷാണെന്ന് പരിചയപ്പെടുത്തി. പൊലീസുകാരനെയും അമ്മ ജാനകിയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മുൾമുനയിൽ നിറുത്തിയ മാവോയിസ്റ്റുകൾ കൊല്ലുമെന്ന് ഭീഷണി മുഴക്കി. മാവോയിസ്റ്റുകളോട് കളിച്ചാൽ കൊല്ലുമെന്ന് തോളിൽ ഇട്ടിരുന്ന തോക്കിൽ ചൂണ്ടി ഇവർ പറഞ്ഞു. 15 മിനിട്ടോളം കൈ ബലമായി പിടിച്ചുവച്ച് സംസാരിച്ചു. തോക്കുമായി കൂടുതൽ പേർ ഒപ്പമുണ്ടായിരുന്നു. അമ്മ ജാനകിയെക്കൊണ്ട് വീട്ടിലെ ലൈറ്റുകൾ ഓഫാക്കിക്കുകയും ഫോൺ ചെയ്യരുതെന്ന് താക്കീത് നൽകുകയും ചെയ്തു. പോകുമ്പാൾ മുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിന് തീയിടുകയും ചെയ്തു. വധഭീഷണിയുള്ള പോസ്റ്റർ വീടിന്റെ ചുവരിൽ പതിച്ചു. ഇവർ പോയ ഉടൻ ജനലിലൂടെ പ്രമോദും അമ്മയും ചേർന്ന് ബൈക്കിലേക്ക് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. വയനാട് ജില്ലയിൽ മാവോയിസ്റ്റുകൾ നേരിട്ട് അക്രമണത്തിന് മുതിർന്ന ആദ്യസംഭവമായിരുന്നു ഇത്. 2016ൽ ആണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. മാവോയിസ്റ്റ് ആക്രമണത്തിൽ കേരളത്തിൽനിന്ന് എൻ.ഐ.എ ഏറ്റെടുത്ത ആദ്യത്തെ കേസായിരുന്നു ഇത്. പിന്നീടും വെള്ളമുണ്ട, തൊണ്ടർനാട് മേഖലകളിൽ നിരവധി തവണ മാവോയിസ്റ്റ് ആക്രമണമുണ്ടായി. തൊണ്ടർനാട് ചപ്പ വനമേഖലയിൽ 2014 ഡിസംബറിൽതന്നെ മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സേനയ്ക്കുനേരെ വെടിയുതിർത്തിരുന്നു.