
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ. എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌കോടതിയിലായിരുന്നു കേസ്. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന 20 പ്രതികളെയും ജയിലുകളിലെത്തി സി.ബി.ഐ സംഘം ചോദ്യം ചെയ്തു. കണ്ണൂർ, വൈത്തിരി ,കോഴിക്കോട് ജയിലുകളിലാണ് പ്രതികൾ. ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു.കേസ് എറണാകുളത്തേക്ക് മാറ്റിയ സാഹചര്യത്തിൽ സി.ബി.ഐയുടെ വൈത്തിരിയിലെ ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്. സിദ്ധാർത്ഥിന്റെ അച്ഛൻ ടി.ജയപ്രകാശിന്റെ മൊഴി കഴിഞ്ഞ ദിവസം വിശദമായിരേഖപ്പെടുത്തിയിരുന്നു. സി.ബി.ഐ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതായാണ് സൂചന.
കോളേജ് മുൻ ഡീൻ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. അന്വേഷണം ഏറ്റെടുത്ത ഉടനെ കേസ് മാറ്റുന്നതിനായി കൽപ്പറ്റ കോടതിയിൽ സി.ബി.ഐ അപേക്ഷ നൽകിയിരുന്നു.