
നോവലെഴുതാനുളള പ്രമേയം തേടി യുവതിയായ ഒരു എഴുത്തുകാരി കൈക്കുഞ്ഞിനെയുംകൊണ്ട് ഭർത്താവുമൊത്ത് മലകൾ നിറഞ്ഞ വനാന്തരങ്ങളിലേക്കു പോകുന്നു. അവിടെ നിന്ന് മലയാളത്തിന് അതുവരെ അന്യമായ ഒരു ജീവിത മേഖല മാത്രമല്ല, പ്രാന്തവൽക്കരിക്കപ്പെട്ട കുറെ മനുഷ്യരെയും കണ്ടെത്തുന്നു. ഒരു നോവലിൽ ആവിഷ്കരിക്കപ്പെട്ടപ്പോൾ അത് മഹത്തായൊരു സാഹിത്യ സൃഷ്ടിയായി രൂപാന്തരപ്പെടുന്നു. പി.വത്സലയുടെ നെല്ല് എന്ന നോവൽ പിറവിയെടുത്തതിന്റെ പശ്ചാത്തലം ഇതായിരുന്നു.
മലയാള ജീവിതത്തിന്റെ മുഖ്യധാരയിൽ കടന്നുവരാത്ത ജീവിതമാണ് ആദിവാസികളുടേത്. മറ്റു മാദ്ധ്യമങ്ങളിൽ ആദിവാസി ജീവിതം പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സർഗാത്മക മേഖലയ്ക്ക് ആദിവാസികൾ ഗൗരവമുള്ള ഒരു വിഷയമായിരുന്നില്ല. എന്നാൽ നെല്ല് എന്ന നോവലിലൂടെ വത്സല ആദിവാസി ജീവിതത്തിന്റെ തീക്ഷ്ണ മുഖം ആവിഷകരിച്ചതോടെ ആദിവാസികൾ പരിഗണിക്കപ്പെടേണ്ടവരാണെന്ന ചിന്തയിലേക്ക് കേരളം എത്തുകയായിരുന്നു. വയനാടൻ കാടുകളിലേക്ക് കടന്നുചെന്ന് ആദിവാസികളെ പഠിക്കുവാൻ തീരുമാനിച്ച വത്സല എന്ന എഴുത്തുകാരിയുടെ നിശ്ചയദാർഢ്യം കാരണം ഒരു അജ്ഞാത ഭൂഖണ്ഡത്തിന്റെ പ്രാധാന്യം മുഖ്യധാരാ ജീവികൾക്ക് മനസിലാക്കുവാൻ കൂടി സഹായിച്ചു.
എഴുത്തിലോ ജീവിതത്തിലോ യാതൊരു നാട്യവുമില്ലാത്ത എഴുത്തുകാരിയായിരുന്നു വത്സല. സാഹിത്യത്തെ അതിന്റെ ഗൗരവത്തോടെയും സത്യസന്ധതയോടെയും കണ്ട എഴുത്തുകാരി. തനിക്കറിയാവുന്ന മേഖലകളിലൂടെ മാത്രം സഞ്ചരിച്ച് വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ അവർ കണ്ടെത്തിക്കൊണ്ടിരുന്നു. നിഴലുറങ്ങുന്ന വഴികൾ, നെല്ല്, ചാവേർ, പാളയം, പംഗുരുപുഷ്പത്തിന്റെ തേൻ, കൂമൻകൊല്ലി തുടങ്ങിയ കൃതികളിലൂടെ അവർ വ്യത്യസ്തങ്ങളായ ജീവിതഭൂമികകൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
തന്റെ ജീവിത പരിസരത്തെ എത്ര സൂക്ഷമായാണ് അവർ ഉൾക്കൊണ്ടിട്ടുള്ളതെന്ന് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കിളിക്കാലം എന്ന ആത്മകഥ വായിച്ചാൽ വായനക്കാർക്ക് മനസിലാകും. മാദ്ധ്യമ പ്രവർത്തകൻ കൂടിയായ പ്രദീപ് മാനന്തവാടി എഡിറ്റ് ചെയ്ത, വത്സലയുടെ വേർപാടിനു ശേഷം പുറത്തിറങ്ങിയ 'വാത്സല്യം" എന്ന അനുസ്മരണ ഗ്രന്ഥം ആ എഴുത്തുകാരിയുടെ വിവിധ വ്യക്തിത്വങ്ങളെ പല രീതിയിൽ അനുസ്മരിക്കുന്നു. എം.ടിയുടെ ചെറിയ കുറിപ്പുതൊട്ട് എം.കെ. സാനു, സി. രാധാകൃഷ്ണൻ, ഏറ്റവും പുതിയ തലമുറയിലെ അതുൽ പ്രകാശ്, മനീഷ എന്നിവർ വരെ വത്സലയുടെ വ്യക്തിത്വത്തിലൂടെ കടന്നുപോകുന്നുണ്ട്.
വത്സല ടീച്ചറുടെ ഭർത്താവ് അപ്പുക്കുട്ടി മാസ്റ്ററുടെ കുറിപ്പ് വേറിട്ടുനിൽക്കുന്ന ഒന്നാണ്. ലേഖനത്തിനൊടുവിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: 'തൊണ്ണൂറ്റി മൂന്ന് വയസായ ഞാൻ ആ ഓർമ്മയിൽ കഴിയുന്നു. ഈ ലേഖനം തിരുത്തിത്തരാൻ ആളില്ലല്ലോ..." പ്രദീപ് മാനന്തവാടി എഡിറ്റ് ചെയ്ത 'വാത്സല്യം" എന്ന സ്മരണിക വത്സല എന്ന സമാനതകളില്ലാത്ത എഴുത്തുകാരിയുടെ വ്യക്തിത്വം പൂർണ്ണമായും അടയാളപ്പെടുത്തുന്ന ഒന്നാണ്.
പ്രസാധകർ:
പൂർണ പബ്ളിക്കേഷൻസ്,
കോഴിക്കോട്
ഇൻബിട്വീനിംഗ്
വിനിത മാത്യു
ഒരു പുതുമുഖ കവയത്രിയുടെ പുസ്തകമാണ്. പ്രണയത്തിന്റെ നഷ്ടവും, ദുഃഖവും തുടർന്ന് ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിജീവിനവുമാണ് ഈ കവിതാ സമാഹാരത്തിലൂടെ കവയത്രി ചർച്ച ചെയ്യുന്നത്. ഇംഗ്ലീഷ് കവിതാ പുസ്തകമാണിത്. മികച്ച രീതിയിലാണ് ഓരോ കവിതയും ആവിക്ഷകരിച്ചിരിക്കുന്നത്.
പ്രസാധകർ: കറന്റ് ബുക്സ് തൃശൂർ