surendran
കെ.സുരേന്ദ്രൻ

കൽപ്പറ്റ: കോൺഗ്രസ് പ്രകടനപത്രികയിൽ വനമേഖലയിലുള്ളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പരാമർശമാണുള്ളതെന്ന് എൻ.ഡി.എ വയനാട് മണ്ഡലം സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വയനാടും ഇടുക്കിയും ഉൾപ്പെടെ 11 ജില്ലകളിലുള്ളവരെ കുടിയിറക്കാനാണോ ഇത്തരമൊരു പ്രകടനപത്രിക കോൺഗ്രസ് ഇറക്കിയത്? വന്യജീവി പ്രശ്നങ്ങളിൽ ഇടപെട്ട് മനുഷ്യന്റെ പ്രശ്നങ്ങൾ തീർക്കണമെന്ന് മലയോരത്ത് താമസിക്കുന്നവർ ആവശ്യപ്പെടുമ്പോൾ അതിനെതിരാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബറിൽ വനമേഖലയിൽ താമസിക്കുന്നവർക്ക് ഇളവ് നൽകാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്തി. എന്നാൽ കേരളത്തിലേക്ക് കാർബൺ ഫണ്ട് ഒഴുകുകയാണ്. പരിസ്ഥിതി സ്‌നേഹത്തിന്റെ പേരിൽ വിദേശത്ത് നിന്നാണ് ഫണ്ട് വരുന്നത്. കോൺഗ്രസ് ഇതിന്റെ വക്താക്കളാവുകയാണ്. കോൺഗ്രസ് പ്രകടന പത്രികയോട് കർഷകർക്ക് കടുത്ത അമർഷമാണുള്ളത്. ഈ കാര്യത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം. ബി.ജെ.പി പ്രകടന പത്രിക മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്ന് പറയുമ്പോൾ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണ്. വയനാടിന്റെ വികസനമാണ് എൻ.ഡി.എയുടെ മുഖ്യ അജണ്ട. പച്ച വർഗീയതയാണ് യു.ഡി.എഫും എൽ.ഡി.എഫും പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി നിർലജ്ജം വർഗീയത പരത്തുകയാണ്. ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെ മാത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും കാണുന്നത്. കേരളത്തിൽ ക്രൈസ്തവ വിഭാഗത്തോട് വിവേചനം തുടരുകയാണ്. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിനുള്ള ജാള്യതയാണ് സർക്കാരിനുള്ളത്. അതുകൊണ്ടാണ് മന്ത്രി രാജൻ ന്യായീകരണം നടത്തുന്നത്. ശ്രീരാമന്റെ പടം കുടമാറ്റത്തിന് വെക്കുന്നത് പൊലീസ് തടയാൻ ശ്രമിച്ചത് എന്തിനാണ്?. മഠത്തിൽ വരവ് തടഞ്ഞത് എന്തിനാണ്?. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും അല്ലാതെ ചെഗുവേരയുടെ കുട ഉയർത്തണമെന്നാണോ സി.പി.എം പറയുന്നത്?. ഇതിന്റെ പിന്നിൽ ചില നിഗൂഢ ശക്തികളുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക പ്രതീകങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് തൃശ്ശൂർ പൂരവും വള്ളംകളിയും ശബരിമലയും കഥകളിയുമെല്ലാം തകർക്കാനുള്ള ശ്രമം നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

എൻ.ഡി.എ വികസന
രേഖ പ്രകാശനം ചെയ്തു

കൽപ്പറ്റ: എൻ.ഡി.എ വയനാട് മണ്ഡലം വികസനരേഖ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പ്രകാശനം ചെയ്തു. വയനാടിന്റെ സമഗ്ര വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നയമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രശാന്ത് മലവയിൽ, സന്ദീപ് വാര്യർ എന്നിവർ പങ്കെടുത്തു. മനുഷ്യവന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം, വയനാട്ടിൽ എംയിസ് നിലവാരത്തിലുള്ള മെഡിക്കൽ കോളേജ് ,പാരമ്പര്യ ചികിത്സാ രീതികൾക്ക് പ്രോത്സാഹനം, ചുരത്തിലെ കുരുക്കിന് പരിഹാരമായി ബദൽ പാത, നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ലൈൻ, കൃഷി ഭൂമിയിലെ വന്യജീവി ശല്യം ഇല്ലാതാക്കാൻ, സാങ്കേതിക വിദ്യകളുടെ സഹായം, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം, പാരമ്പര്യ തനത് വിളകൾക്ക് ആഗോള വിപണി, 24 മണിക്കൂറും അതിവേഗ ഇന്റർനെറ്റ്, ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തൽ, ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം, കേന്ദ്ര പദ്ധതികളിലൂടെ സ്‌കൂൾ, കോളേജുകളുടെ ഉന്നത നിലവാരം, മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വയനാട് ഒരു ആഗോള ടൂറിസ്റ്റ് കേന്ദ്രം, പൈതൃക തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനവും സംരക്ഷണവും, ചന്ദ്രഗിരി സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം എന്നിവയാണ് വികസന രേഖയിലെ പ്രധാനാ വാഗ്ദാനങ്ങൾ.