കൽപ്പറ്റ: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിക്കുന്ന ഇന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ബി.ജെ.പി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും വയനാട്ടിൽ. പ്രിയങ്ക ഗാന്ധി ഹെലികോപ്ടർ വഴി കണ്ണൂരിൽ നിന്ന് 11ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും,. തുടർന്ന് റോഡ് മാർഗം കമ്പളക്കാടും എത്തും. 11.45 മുതൽ 12.15 വരെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
. എൻ.ഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അണ്ണാമലൈ രാവിലെ 10ന് മാനന്തവാടിയിൽ റോഡ് ഷോ നടത്തും. എരുമത്തെരുവിൽ ആരംഭിക്കുന്ന റോഡ്‌ഷോ ഗാന്ധി പാർക്കിൽ സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനു പ്രവർത്തകരെ അണിനിരത്തി റോഡ് ഷോ വർണാഭമാക്കാനാണ് എൻ.ഡി.എ തീരുമാനം.
പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രചാരണ സമാപനം കേമമാക്കാനാണ് ഇടത്, വലത് മുന്നണികളുടെയും എൻ.ഡി.എയുടെയും പദ്ധതി. വൈകിട്ട് നാലിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കുന്ന വിധത്തിൽ നിയോജകമണ്ഡലം, പഞ്ചായത്ത് ആസ്ഥാനങ്ങളിൽ കൊട്ടിക്കലാശം ഉണ്ടാകും