വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി ശ്രമമെന്ന് ആരോപണം

കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും അടങ്ങിയ കിറ്റുകളുടെ വൻശേഖരം പിടികൂടി. സുൽത്താൻബത്തേരി,​ മാനന്തവാടി, തെക്കുംതറ ഭാഗങ്ങളിൽ വിതരണത്തിന് സൂക്ഷിച്ച കിറ്റുകളാണിത്. ഗോത്രമേഖലയിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാൻ ബി.ജെ.പിക്കായി എത്തിച്ചതാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആരോപിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും വയനാട് എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ ഇത് നിഷേധിച്ചു. സുൽത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനങ്ങളിൽ ജീപ്പിൽ കയറിയ 1500 കിറ്റുകളാണ് ബുധനാഴ്ച രാത്രി ആദ്യം പിടിച്ചത്. ഇത് ബി.ജെ.പിക്കുവേണ്ടിയാണെന്ന് ആരോപിച്ച് യു.ഡി.എഫും എൽ.ഡി.എഫും രംഗത്തെത്തി. പ്രാദേശിക ബി.ജെ.പി നേതാവിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. പിന്നാലെയാണ് മാനന്തവാടിയിൽ അഞ്ചാംമൈലിലെ സൂപ്പർ മാർക്കറ്റിന് സമീപത്ത് കിറ്റ് പിടിച്ചത്. എൽ.ഡി.എഫ് ,​ യു.ഡി.എഫ് പ്രതിഷേധം മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടാക്കി. ഇതിനിടെയാണ് ഇന്നലെ വെങ്ങപ്പള്ളി പഞ്ചായത്തിൽ ഒരു വീട്ടിൽ സൂക്ഷിച്ച 167 കിറ്റുകൾ പൊലീസും ഇലക്ഷൻ സ്‌ക്വാഡും പിടികൂടിയത്. അരി, അലക്ക്‌സോപ്പ് ,പഞ്ചസാര, ചായപ്പൊടി, മുളക് പൊടി ,കുളിസോപ്പ്, മല്ലിപ്പൊടി ,ചിക്കൻ മസാല തുടങ്ങിയവയാണ് കിറ്റിലുള്ളത്.

എൽ.ഡി.എഫും യു.ഡി.എഫും

മാപ്പു പറയണം: കെ.സുരേന്ദ്രൻ

വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽ.ഡി.എഫും യു.ഡി.എഫും മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഒരു ഭക്തൻ ക്ഷേത്രത്തിന് നൽകിയ വഴിപാടാണ് ആദിവാസികൾക്ക് കിറ്റ് നൽകാനാണെന്ന് പ്രചരിപ്പിച്ചത്. ബി.ജെ.പിക്ക് പങ്കുണ്ടെന്ന് പറയാൻ എന്ത് തെളിവാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

പൊലീസ്‌ കേസെടുത്തു

സുൽത്താൻ ബത്തേരിയിലെ സ്ഥാപനത്തിൽ നിന്ന് 1500 ഭക്ഷ്യ കിറ്റുകൾ പിടികൂടിയതിൽ പൊലീസ്‌ കേസെടുത്തു. പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി,​ വെറ്റില,​ പുകയില,​ ചുണ്ണാമ്പ് അടക്കമുള്ള 1200 കിറ്റുകളാണ് പിടികൂടിയത്. വാഹന ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തിരുന്നു.