കൽപ്പറ്റ: നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും സജീവമായിരുന്നു. ആനി രാജ അസംപ്ഷൻ ഫൊറോന വികാരി ഫാ.ജോസഫ് പരുവമ്മലിനെ സന്ദർശിച്ചു. മനുഷ്യവന്യമൃഗ സംഘർഷം, ദേശീയ പാതയിലെ രാത്രിയാത്രാവിലക്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ കെ.സി. റോസക്കുട്ടി, പി.എം. ജോയി, ജയകൃഷ്ണൻ, ടി.ജെ. ചാക്കോച്ചൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഇന്നലെ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഓട്ടപ്രദക്ഷിണം ചെയ്ത എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ, രാവിലെ കൽപ്പറ്റ ചെറിയക്കൻ സ്മാരക മർമ്മ ചികിത്സാ കേന്ദ്രം, പുളിയർമല ക്ഷേത്രം , ഒ.ടി ബാലകൃഷ്ണൻ നമ്പ്യാരുടെ വീട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മാനന്തവാടിയിലെത്തിയ കെ.സുരേന്ദ്രൻ കമ്മന ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തിന് ശേഷം നടവയൽ സി.എം.സി പ്രോൺസ്റ്റാൾ ഹൗസിലെത്തി വോട്ടഭ്യർത്ഥന നടത്തി. ബത്തേരി മണ്ഡലത്തിലെ സർവീസ് സഹകരണ ബാങ്കിലും സ്ഥാനാർത്ഥിയെത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിക്ക് വേണ്ടി യു.ഡി.എഫ് ജില്ലാ നേതാക്കൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നിശബ്ദ പ്രചാരണം നടത്തി.ടി.സി.ദ്ദീഖ് എം.എൽ.എ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ എന്നിവർ നിശബ്ദ പ്രചാരണത്തിന് ഉണ്ടായിരുന്നു.