krishnan

വാളാട് (വയനാട്): നക്സലൈറ്റ് നേതാവ് കുന്നേൽ കൃഷ്ണൻ (85) അന്തരിച്ചു. കാൻസർ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമായ കറുമ്പന്റെയും കറുമ്പിയുടെയും മകനായ കൃഷ്ണൻ 1948ലാണ് വയനാട്ടിൽ മാനന്തവാടിക്കടുത്ത് വാളാട്ടെത്തുന്നത്. മാനന്തവാടി ഹൈസ്‌കൂൾ പഠനകാലത്ത് വർഗീസിനൊപ്പം കെ.എസ്.എഫിൽ പ്രവർത്തിച്ചു. കോഴിക്കോട് ദേവഗിരി കോളേജിലായിരുന്നു ഉപരിപഠനം. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. സി.പി.ഐ പിളർന്നപ്പോൾ നക്സൽബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷ്ണൻ അന്ത്യംവരെ അതേ രാഷ്ട്രീയപാത പിന്തുടർന്നു. 1970ൽ ഫെബ്രുവരി 18ന് വർഗീസ് കൊല്ലപ്പെട്ടതറിഞ്ഞ് മൂന്നാംനാൾ വയനാട്ടിൽ തിരിച്ചെത്തിയ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
അടിയന്തരാവസ്ഥയിലും തുടർന്നും സംസ്ഥാനത്ത് നടന്ന നക്സലൈറ്റ് പ്രക്ഷോഭങ്ങളിൽ കൃഷ്ണൻ നേതൃപരമായ പങ്കുവഹിച്ചു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ വിപ്ലവ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്ത അദ്ദേഹം ജയിൽവാസവും അനുഭവിച്ചു. വയനാട്ടിൽ ഇക്കാലത്ത് അരങ്ങേറിയ ജനകീയ സമരങ്ങളിലെല്ലാം സജീവമായിരുന്നു. മരണം വരെ സി.പി.ഐ (എം എൽ) റെഡ് ഫ്ളാഗിന്റെ സംസ്ഥാന കൗൺസിലിൽ ക്ഷണിതാവായിരുന്നു. എ. വർഗീസിനോടൊപ്പം പ്രവർത്തിച്ചവരിൽ അവസാനത്തെ കണ്ണിയാണ്. വർഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററായിരുന്നു.
ഭാര്യ: കനകവല്ലി. മക്കൾ: അജിത് കുമാർ (കെ.എസ്.ആർ.ടി.സി ഡ്രൈവർ, കാസർകോട്), അനൂപ് കുമാർ (ബിസിനസ്, ബംഗളൂരു), അനീഷ്യ,അരുൺ കുമാർ (മൈസൂർ), അനീഷ് കുമാർ (റിയാദ്). മരുമക്കൾ: ബിന്ദു, ഹർഷ (നഴ്സ്, ബംഗളൂരു), ചാർളി ചാക്കോ, സൗപർണിക, അഞ്ജു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വാളാട് വീട്ടുവളപ്പിൽ.