ഭൂരിപക്ഷം കുറയുമെന്നതിൽ ആശങ്കയില്ല
കൽപ്പറ്റ : വയനാട് പാർലമെന്റ് മണ്ഡലത്തിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായത് രാഹുൽ ഗാന്ധിയെ ബാധിക്കില്ലെന്ന് യു.ഡി.എഫ്. അത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കണക്കുകൾ നിരത്തി യു.ഡി.എഫ് വ്യക്തമാക്കി. 2019ൽ 4, 31 ,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽഗാന്ധി വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,57,819 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 10,89,899 പേർ വോട്ട് രേഖപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ 14 62 423 വോട്ടർമാരിൽ 10,74,623 പേർ വോട്ട് ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 15,2 76 വോട്ട് മാത്രമാണ് കുറവുള്ളത്. അതിനാൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ഒരു ലക്ഷം പുതിയ വോട്ടർമാരാണ്. ഇതിൽ യു.ഡി.എഫ് ക്യാമ്പയിൻ നടത്തി ചേർത്ത വോട്ടർമാരാണ് ഭൂരിഭാഗം. അതിനാൽ രാഹുൽഗാന്ധിയ്ക്ക് ഭൂരിപക്ഷം കുറയില്ലെന്നാണ് നേതാക്കൾ പറയുന്നത്. പോളിംഗ് ശതമാനത്തിൽ കുറവുണ്ടാകാൻ പ്രധാന കാരണം മരിച്ചവർ , സ്ഥലത്തില്ലാത്തവർ എന്നിവരുടെ പേരുകൾ ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. അപൂർണമായ ലിസ്റ്റാണ് ഇത്തവണ ഉപയോഗിച്ചത്. രാഹുൽ ഗാന്ധിക്കെതിരായ ഒരു വികാരവും വയനാട് മണ്ഡലത്തിൽ ഇല്ല. സ്ത്രീ വോട്ടർമാരിൽ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണ്. പ്രത്യേകിച്ച് ഏറനാട് മണ്ഡലത്തിൽ വൻതോതിൽ സ്ത്രീ വോട്ട് പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. 80.22 ശതമാനം സ്ത്രീ വോട്ടർമാർ ഇവിടെ വോട്ട് രേഖപ്പെടുത്തി. വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയത് ഏറനാട് മണ്ഡലത്തിലാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വ്യാജ പ്രചാരണങ്ങളുമാണ് ഇടതുമുന്നണിയും എൻ.ഡി.എയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുറത്തെടുത്തത്. ബി.ജെ.പി സ്ഥാനാർത്ഥി നേരിട്ട് വർഗീയ പ്രചാരണം നടത്തുകയുണ്ടായി. അവസാന ദിവസം കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇടത് ക്യാമ്പിലാണ് ആശങ്ക മുഴുവൻ. ഇടതു കേന്ദ്രങ്ങളിൽ നിന്നുപോലും വോട്ട് കുറഞ്ഞിട്ടുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.