കൽപ്പറ്റ: മടിയൂർകുനിയിയിൽ തോരിയമ്പം കോളനിയിലെ ഹരീഷിന്റെ മൂന്ന് ആടുകളെ പുലി ആക്രമിച്ചു. ഇതിൽ രണ്ടെണ്ണം ചത്തു. പ്രദേശവാസിയായ മാളുവിന്റെ വളർത്തുനായയെയും പുലി കൊന്നു.ഹരീഷിന്റെ ഏക ഉപജീവന മാർഗമാണ് ആടുവളർത്തൽ. കഴിഞ്ഞ ദിവസം സമീപത്തെ ക്ലബ് കുന്നിൽ മേയാൻ വിട്ട മൂന്ന് ആടുകളെയാണ് പുലി ആക്രമിച്ചത്. പകൽ നേരത്താണ് ആടുകളെ പുലി ആക്രമിച്ചതെന്ന് ഹരീഷ് പറയുന്നു. രാത്രിയോടെ വീണ്ടുമെത്തിയ പുലി മാളുവിന്റെ വളർത്തു നായയെ പിടികൂടുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി പുലിയിറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾ ആശങ്കയിലാണ്. ചുഴലി,പെരിന്തട്ട ഭാഗങ്ങളിൽ നിന്നാണ് ഇവിടേക്ക് പുലി എത്തുന്നത്. പുലിയെ കെണിയൊരുക്കി പിടികൂടണമെന്നും ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.