photo

ആലപ്പുഴ: തുടർച്ചയായ അവധി ദിവസങ്ങളും ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് തിരക്കും മുതലെടുത്ത് ആര്യാട് വില്ലേജിൽ വ്യാപക നിലം നികത്തൽ. വീടുവയ്ക്കാനെന്ന പേരിലാണ് നീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത്.

അനധികൃത നിലം നികത്തൽ തടയാൻ പൊലീസ് - റവന്യു അധികൃതരുടെ പ്രത്യേക സ്‌ക്വാഡ് ഉണ്ടെങ്കിലും ആൾക്ഷാമം ഇവരുടെ പ്രവർത്തനത്തെയും ബാധിച്ചു എന്നുവേണം കരുതാൻ. എതിർക്കുന്നവരെ നേരിടാൻ ക്വട്ടേഷൻ സംഘത്തിന്റെ പിൻബലവും ഇവർക്കുണ്ട്.

ആര്യാട് തെക്ക് വില്ലേജിൽ കരളകം പാടശേഖരത്ത് തോട്ടാതോട് ഭാഗത്ത് ഹോംസ്റ്റേയുടെ മറവിലാണ് നിലം നികത്തൽ തകൃതിയായി നടക്കുന്നത്. വർഷങ്ങളായി കൃഷിയില്ലാത്ത പാടശേഖരമാണ് കരളകം. മഴക്കാലത്ത് നഗരത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ വെള്ളം പാടശേഖരത്ത് കൂടിയാണ് വേമ്പനട്ട് കായലിലേക്ക് ഒഴുകി പോകുന്നത്.

കരപ്പാടങ്ങളും കൈയ്‌ക്കലാക്കി

1.കരളകം പാടശേഖരത്തെ രണ്ടായി വേർതിരിക്കും വിധം കൂറ്റൻ മണൽചിറയാണ് നിർമ്മിക്കുന്നത്. പ്രത്യേകം ഏജന്റുമാർ കരാറടിസ്ഥാനത്തിലാണ് നികത്തൽ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലർച്ചെ ഗ്രാവലെത്തിച്ചാണ് നികത്തൽ. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.

2.നഗരസഭാപരിധിയിൽ അഞ്ചും പഞ്ചായത്തിൽ പത്ത് സെന്റിലും കൂടുതൽ നികത്താൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ,​ സ്വന്തമായി സ്ഥലമില്ലാത്തവരുടെ പേരിൽ ഭൂമി വാങ്ങി നികത്തി വീടുവച്ച് വിൽപ്പന നടത്തുകയാണ് റിയൽ എസ്റ്റേറ്റ് മാഫിയകൾ. മേഖലയിലെ ഭൂരിഭാഗം കരപ്പാടങ്ങളും ഇത്തരക്കാർ കൈക്കലാക്കി കഴിഞ്ഞു.

അന്വേഷണം വേണം : ബി.ജെ.പി

കരളകം പാടശേഖരത്ത് അനധികൃത നികത്തലിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകുട്ടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ടൗൺ എരിയകമ്മിറ്റി കളക്ടർ, ആർ.ഡി.ഒ, വില്ലേജ് ഓഫീസർ എന്നവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ശശികുമാർ, ജനറൽ സെക്രട്ടറി അനിൽകുമാർ, സന്തോഷ് കളരിക്കൽ, കെ.യു.വിവേക്, മനോജ് എന്നിവർ സംസാരിച്ചു.


നികത്തൽ അറിയിക്കാം:
കൺട്രോൾ റൂം: 1077, 0477 2238030