അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഇട തോടുകൾ പോള നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിൽ.ജനങ്ങൾ കുളിക്കുകയും, മറ്റാവശ്യങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്നതുമായ തോടുകളാണ് നീരൊഴുക്ക് നഷ്ടപ്പട്ട് പോളകൾ നിറഞ്ഞ സ്ഥിതിയിലായത്.പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാനോ, വള്ളങ്ങളിൽ കൃഷി സാധനങ്ങളോ, നെല്ലോ കൊണ്ടുപോകാനോ കഴിയാത്തതിനാൽ പുറംബണ്ടുകളിൽ കൂടി ചുമന്ന് കൊണ്ട് പോകേണ്ട ഗതികേടിലാണ് കർഷകർ.കൂടാതെ പോളകൾ ചീഞ്ഞ് പരിസരമാകെ ദുർഗന്ധം വമിക്കുകയും ചെയ്യുന്നു.ഇത് പല രോഗങ്ങളും പടരാൻ കാരണമാകുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.പുറക്കാട്, കരുമാടി, കഞ്ഞിപ്പാടം ,വണ്ടാനം, പുന്നപ്ര, പറവൂർ തുടങ്ങിയ പ്രദേശങ്ങളിലെ തോടുകളെല്ലാം പോള നിറഞ്ഞ് കിടക്കുകയാണ്. രണ്ടു വർഷം മുൻപ് വരെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോളകൾ വാരി മാറ്റിയിരുന്നതായി നാട്ടുകാർ പറയുന്നു.പിന്നീട് അത് നിലച്ചതോടെയാണ് തോടുകൾ നാട്ടുകാർക്ക് പ്രയോജനമില്ലാത്ത തരത്തിൽ മാറിയത്. ധാരാളം പേർ കൃഷി ആവശ്യങ്ങൾക്കായി ജലം ഉപയോഗിച്ചിരുന്നത് ഈ തോടുകളിൽ നിന്നാണ്. ഇത്തരത്തിൽ നീരൊഴുക്ക് നഷ്ടപ്പെട്ട് മാലിനജലം നിറഞ്ഞ് രോഗം പരത്തുന്ന പോളകൾ തിങ്ങിനിറഞ്ഞ തോടുകൾ ജനങ്ങൾക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.
.................
''പച്ചക്കറി, വാഴ, നെല്ല് തുടങ്ങിയ കാർഷിക വിളകളും ജല ലഭ്യതയില്ലാത്തതിനാൽ അന്യം നിന്നുപോകും. അധികൃതർ മുൻകൈ എടുത്ത് പോളകൾ വാരി മാറ്റി നീരൊഴുക്ക് സുഗമമാക്കി തോടുകളെ സംരക്ഷിക്കണം
-നാട്ടുകാർ