കായംകുളം : കരിപ്പുഴ തോട്ടിൽ ജലനിരപ്പ് കുറഞ്ഞതും മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതും നഗരത്തിന് ദുരിതമാകുന്നു. ദുർഗന്ധം വമിക്കുന്ന അവസ്ഥയായതോടെ തോടിന്റെ സമീപമുള്ള വ്യാപാരികളും താമസക്കാരും യാത്രക്കാരുമെല്ലാം വളരെയധികം ബുദ്ധിമുട്ടുന്നു. പകർച്ചവ്യാധി ഭീഷണിയുമുണ്ട്.
നഗരത്തിലെ ഇറച്ചി മാർക്കറ്റിലെ അവശിഷ്ടങ്ങൾ, കോഴി മാലിന്യങ്ങൾ, പഴവർഗ്ഗ അവശിഷ്ടങ്ങൾ , പ്ലാസ്റ്റിക് , ജൈവ മാലിന്യങ്ങൾ തുടങ്ങിയവ അടിഞ്ഞുകൂടിയാണ് കരിപ്പുഴത്തോട്ടിലെ ഒഴുക്ക് തടസപ്പെടുന്നത്. ഇതോടെ കൊതുകും ഈച്ചയും പെരുകുകയും ചെയ്യുന്നു.
അച്ചൻ കോവിലാറിൽ നിന്നാണ് തോട് ഉത്ഭവിക്കുന്നത്. മുമ്പ് വലിയ കെട്ടുവള്ളങ്ങളിൽ കരിപ്പുഴത്തോട് വഴിയാണ് കായംകുളം ടൗണിൽ ചരക്കുനീക്കം നടത്തിയിരുന്നത്. തോട് എക്കൽ അടിഞ്ഞു നികന്നതോടെ വലിയ വള്ളങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതെയായി. ആഴം കൂട്ടി സംരക്ഷിക്കേണ്ട കരിപ്പുഴത്തോട് കഴിഞ്ഞ പതിമൂന്ന് വർഷമായി അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. കരിപ്പുഴത്തോടിന്റെ ആഴം കൂട്ടാതിരുന്നതാണ് 2018ലെ പ്രളയത്തിൽ ഓണാട്ടുകരയിൽ വെള്ളപ്പൊക്കത്തിന് കാരണമായത്
11കി.മീ. : തോടിന്റെ ദൈർഘ്യം
ആഴം കൂട്ടാതെ രക്ഷയില്ല
1.ആഴം കൂട്ടി ജലമൊഴുക്ക് സുഗമമാക്കിയാൽ മാത്രമേ കരിപ്പുഴത്തോട് സംരക്ഷിക്കാൻ കഴിയുകയുള്ളൂ
2.കരിപ്പുഴ തോട്ടിലേക്ക് എത്തുന്ന പട്ടണത്തിലെ അഞ്ചോളം ചെറുതോടുകളിലെ വെള്ളവും കെട്ടിക്കിടന്നു മലിനീകരിക്കപ്പെടുന്നു
3.ഒരു മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്തു കരിപ്പുഴത്തോട്ടിൽ സ്വഭാവിക നീരൊഴുക്ക് ഉറപ്പാക്കണം
4.എങ്കിൽ മാത്രമേ 4000 ഏക്കറിലെ പുഞ്ചകൃഷി സംരക്ഷിക്കാനും വെള്ളപ്പൊക്കം തടയാനും കഴിയുകയുള്ളൂ
കരിപ്പുഴത്തോട് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാഭരണ കൂടം തയ്യാറാകണം. അതിനായി ജന പ്രതിനിധികളും പഞ്ചായത്തും നഗരസഭകളും മുന്നോട്ട് വരണം
- അഡ്വ. ഒ.ഹാരിസ്,കൺവീനർ
ഓണാട്ടുകര പൈതൃക സംരക്ഷണ സമിതി