ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ആലപ്പുഴ: ''ഈ പ്രായത്തിനുള്ളിൽ ഇത്ര വലിയ ചൂട് അനുഭവിച്ചിട്ടില്ല. വീടിനുള്ളിൽ പോലും കിടക്കാൻ കഴിയുന്നില്ല. രാത്രിയിൽ ഉറങ്ങാനും സാധിക്കുന്നില്ല''.. അർബുദ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി സ്വീകരിച്ച ശേഷം വീട്ടിൽ വിശ്രമിക്കുന്ന എഴുപത് വയസ്സുകാരൻ ചന്ദ്രബോസിന്റെ വാക്കുകളാണിത്.

ഓരോദിവസം ചെല്ലുന്തോറും ഉയരുന്ന താപനിലയിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് രോഗികളും കുട്ടികളുമാണ്. പകൽ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് ജാഗ്രതാ നിർദ്ദേശമുണ്ടെങ്കിലും റോഡ് പണിയക്കമുള്ളവ തടസ്സമില്ലാതെ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 38 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ആലപ്പുഴയിൽ രേഖപ്പെടുത്തുന്നത്.

ചൊവ്വാഴ്ച്ച രാത്രിയിൽ കനത്ത മഴ ലഭിച്ചതുമാത്രമാണ് നേരിയ ആശ്വാസം പകർന്നത്. ഗർഭിണികൾ, മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ, പ്രായമായവർ തുടങ്ങിയവർക്ക് താപാനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാനിടയുണ്ട്. അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദനആ തലകറക്കം, പേശിവലിവ്, ഓക്കാനം, ഛർദ്ദി തുടങ്ങിയവ താപശരീരശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

സൂര്യാഘാതമുണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടണം.

വീട്ടിലും ശ്രദ്ധ വേണം

 ജനാലകൾ തുറന്ന് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം
 ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം

 പുറത്തിറങ്ങുമ്പോൾ കുടകൾ ഉപയോഗിക്കുക

 പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം

സംഭാരം, ഇളനീര്, നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കുക

 ശരീരത്തിൽ കുമിളകളുണ്ടായാൽ പൊട്ടാതെ സൂക്ഷിക്കണം

കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധ
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുഞ്ഞുങ്ങളെ ഇരുത്തിയിട്ട് പോകരുത്. ഇടയ്ക്കിടയ്ക്ക് പാനീയങ്ങളും തിളപ്പിച്ചാറിയ വെള്ളവും കൊടുക്കുക. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക. കഠിനമായ വെയിലിൽ മൈതാനത്തും പാടത്തും കളിക്കുന്നത് ഒഴിവാക്കുക.

ജില്ലയിൽ ഇതുവരെ ലഭിച്ച ഉയർന്ന താപനില: 38.3 ഡിഗ്രി സെൽഷ്യസ്

അന്തരീക്ഷതാപം ക്രമാതീതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കെതിരെ പ്രത്യേക ശ്രദ്ധ വേണം. വെയിൽ കഠിനമാവുമ്പോൾ ശരീരത്തിൽ ഹീറ്റ് റാഷ്, പേശിവലിവ്, താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നുണ്ട്

-ജില്ല മെഡിക്കൽ ഓഫീസർ

തണൽ പോയതോടെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ തങ്ങാൻ സാധിക്കുന്നില്ല. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ മാത്രമാണ് നേരിയ ആശ്വാസം

-മോഹനൻ, ഓട്ടോറിക്ഷ ഡ്രൈവർ