മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിക്കും
ആലപ്പുഴ : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ തകരാറിലായ, വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിലെ സി.സി. ടി.വി ക്യാമറകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കി.
ആലപ്പുഴ ലോക്സഭാ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ്സ് കോളേജ്, എച്ച്.എസ് ആൻഡ് എച്ച്.എസ്.എസിൽ സ്‌ട്രോംഗ് റൂമിലെ സി.സി ടിവി ക്യാമറയാണ് ചൊവ്വാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും മിന്നലിലും തകരാറിലായത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഇവയിൽ 169 എണ്ണമാണ് തകരാറിലുമായി. ഇതിൽ സ്‌ട്രോംഗ് റൂമുമായി ബന്ധപ്പെട്ട ക്യാമറകൾ അന്നു രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഐ.ടി മിഷൻ ടെക്‌നീഷ്യൻമാരും ഉടൻ തന്നെ സ്ഥലത്തെത്തിയാണ് തകരാർ മണിക്കൂറുകൾക്കകം പരിഹരിച്ചത്. ബുധനാഴ്ച രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് സുരക്ഷ വിലയിരുത്തുന്നതിനും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുമുള്ള സൗകര്യം ആലപ്പുഴയിലെയും മാവേലിക്കരയിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.