അമ്പലപ്പുഴ : പരാതികൾക്കും പരിമിതികൾക്കും ഇടയിൽ വീർപ്പുമുട്ടുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടുത്ത പ്രതിസന്ധിയായി സൂപ്രണ്ടിന്റെ രാജി. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ തുടരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾസലാം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കിക്ക് കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയത്. 2022 ഡിസംബർ 2നാണ് ഡോ.അബ്ദുൾസലാം സൂപ്രണ്ടായി ചുമതല ഏറ്റെടുത്തത്. രാജിക്കത്ത് പ്രിൻസിപ്പൽ ആരോഗ്യ വകുപ്പിന് കൈമാറും.നിലവിലെ സാഹചര്യത്തിൽ മറ്റൊരാൾ സൂപ്രണ്ട് സ്ഥാനമേറ്റെടുക്കാൻ മുന്നോട്ടു വരാനുള്ള സാദ്ധ്യത കുറവാണ്.
ആശുപത്രിയിൽ കഴിഞ്ഞ ദിവസം കരൂർ സ്വദേശിനി ഷിബിന പ്രസവത്തെത്തുടർന്ന് മരണമടഞ്ഞിരുന്നു. അണുബാധയെത്തുടർന്ന് ഒരു മാസത്തോളം വെന്റിലേറ്ററിൽ കിടന്നതിനു ശേഷമായിരുന്നു യുവതിയുടെ മരണം. ഷിബിനയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. സർജറിവിഭാഗം മേധാവി ഡോ.എൻ.എസ്.സജികുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ നാലംഗസംഘമാണ് അന്വേഷിക്കുന്നത്.
ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ആശുപത്രി സാധാരണക്കാരുടെ ഏകആശ്രയമാണ്. ദേശീയപാതയിൽ വാഹനാപകടങ്ങളിൽപ്പെടുന്നവരെ ഇവിടെയാണ് ആദ്യം എത്തിക്കുന്നത്. എന്നാൽ വേണ്ടത്ര ചികിത്സ കിട്ടാത്തതുമൂലം രോഗികളെ എറണാകുളത്തെയോ തിരുവല്ലയിലെയോ സ്വകാര്യ ആശുപത്രികളിലേക്ക് പിന്നീട് മാറ്റേണ്ടി വരും.
വാഴാതെ സൂപ്രണ്ട്
മരുന്നു ലഭിക്കാത്തതും സർജറി ഉപകരണങ്ങൾ ഇല്ലാത്തതുമടക്കം നിരവധി ആരോപണങ്ങളാണ് ആശുപത്രിക്കെതിരെ ഉയരുന്നത്. ഇതിന്റെയൊക്കെ മാനസിക സമ്മർദ്ദം മൂലമാണ് സൂപ്രണ്ട് ഡോ.അബ്ദുൾ സലാം രാജിക്കത്ത് നൽകിയതെന്നാണ് സൂചന. ഇദ്ദേഹത്തിന് മുമ്പ് സൂപ്രണ്ടായിരുന്ന ഡോ.സജീവ് ജോർജ് പുളിക്കലും ഒരു വർഷവും 3 മാസവും കഴിഞ്ഞപ്പോൾ സ്ഥാനത്തു നിന്ന് മാറുകയായിരുന്നു
ഒഴിയാത്ത പരാതികൾ
1.മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴയിൽ നിന്ന് വണ്ടാനത്തേക്ക് മാറ്റിയതു മുതൽ നിരവധി പരാതികളാണ് ആശുപത്രിക്കെതിരെ ഉയരുന്നത്
2.ചികിത്സാപ്പിഴവുകളും മരണങ്ങളും മെഷിനുകൾ തകരാറിലാകുന്നതുമടക്കമുള്ള സംഭവങ്ങൾ അടിക്കടി ഉണ്ടായിട്ടും പരിഹാരമാർഗങ്ങൾ അകലെ
3.സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് കൂടി വന്നെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് ചികിത്സാ സംവിധാനത്തെ ബാധിക്കുന്നു
മെഡിക്കൽ കോളജ് ആശുപത്രിയെ തകർക്കുന്നത് ഭരണകർത്താക്കളും സി .പി. എം നിയന്ത്രണത്തിലുള്ള സ്വകാര്യ ലോബികളുമാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഇതിന് കൂട്ടുനിൽക്കുന്നു -എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി