ആലപ്പുഴ: ജില്ലാകോടതിപ്പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ ബോട്ട് ജെട്ടിയിലെ പൊലീസ് കൺട്രോൾ റൂം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കളക്ടറേറ്റിന് പടിഞ്ഞാറുള്ള വനിത സ്റ്റേഷൻ വളപ്പിലെ പുതിയ കെട്ടിത്തിലാണ് ഇനി മുതൽ കൺട്രോൾ റൂം പ്രവർത്തിക്കുക. നവീകരണത്തിന്റെ ഭാഗമായി ആറ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും അങ്ങോട്ട് മാറ്റിയിട്ടുണ്ട്.
രാജഭരണകാലത്തെ പൊലീസ് സ്റ്റേഷനാണ് പിന്നീട് ബോട്ട് ജെട്ടിയിലെ കൺട്രോൾ റൂമായി മാറിയത്. 2023 ജനുവരിൽ പൊലീസ് കൺട്രോൾ റൂം ബീച്ചിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഇവിടം ഏതാണ്ട് പ്രവർത്തനം നിലച്ച മട്ടായിരുന്നു. അടുത്തമാസം ഈ കെട്ടിടത്തിൽ പൊലീസ് സൊസൈറ്റിയുടെ ചുമതലയിൽ സ്കൂൾ വിപണന കേന്ദ്രം തുടങ്ങാനാണ് പദ്ധതി.
മുല്ലക്കൽ, കൊമ്മാടി, കാളാത്ത്, കൈചൂണ്ടിമുക്ക്, പുന്നമട ഭാഗങ്ങളിൽ ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ വിശ്രമിക്കാനും വസ്ത്രംമാറാനും ഭക്ഷണം കഴിക്കാനുമൊക്കെ ബോട്ട് ജെട്ടിയിലെ ഈ കെട്ടിടമാണ് ഉപയോഗിച്ചിരുന്നത്. ജില്ലാ കോടതി പാലം, മൊബൈലിറ്റി ഹബ്ബ് എന്നിവയുടെ നിർമ്മാണം വൈകുന്നതിനാൽ പൊലീസുകാർ ഇവിടെ അധിക സമയം ചെലവഴിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ബോട്ട് ജെട്ടി, നഗരത്തിലെത്തുന്ന യാത്രക്കാർ തുടങ്ങിവർ വിവരങ്ങൾ അറിയാനും പരാതി നൽകാനുമായി അടുത്തകാലം വരെ ഇവിടെ എത്തിയിരുന്നു.
സാമൂഹ്യവിരുദ്ധ താവളമാകും
പൊലീസ് കൺട്രോൾ റൂ പൂർണ്ണമായി ബീച്ചിലേക്ക് മാറുന്നതോടെ രാത്രികാലത്തെ പൊലീസ് ശ്രദ്ധ നഗരത്തിൽ ഇല്ലാതാകും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും പരിസരവും രാത്രികാല സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടകേന്ദ്രമാണെന്ന ആക്ഷേപം ശക്തമായി നിൽക്കെയാണ് പൊലീസിന്റെ ഈ പിന്മാറ്റം. ഇതോടെ യാത്രക്കാർക്ക് നേരെയുള്ള മദ്യപ സംഘങ്ങളുടെ ഭീഷണിയും വർദ്ധിക്കും. പോഞ്ഞിക്കര-ജെട്ടി റോഡ് ലൈംഗിക തൊഴിലാളികളുടെ താവളമാണെന്ന ചീത്തപ്പേര് ഇപ്പോൾതന്നെയുണ്ട്. ഇവരുടെ രക്ഷകരായ ക്വട്ടേഷൻ സംഘങ്ങളുടെ ഏറ്റുമുട്ടലുകൾക്ക് അടുത്തിടെ ചെറിയ ആശ്വാസമുണ്ടായിരുന്നു. എന്നാൽ,
കൺട്രോൾ റൂമിന്റെ അസാന്നിദ്ധ്യത്തിൽ ഇത്തരക്കാർ ഇനി അഴിഞ്ഞാടാനാണ് സാദ്ധ്യത.
ഇതോടെ നഗരത്തിന്റെ ഹൃദയഭാഗം ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറും.
മാറ്റിയ മറ്റ് ഓഫീസുകൾ
കൃഷി അസി.ഡയറക്ടർ ഓഫീസ്, മുല്ലക്കൽ കൃഷി ഓഫീസ്, ഹൈഡ്രോളജി വിഭാഗം, ആലപ്പുഴ ബോട്ട് ജെട്ടി എന്നിവ പൂർണ്ണമായും മൃഗാശുപത്രി ഭാഗികമായും