ആലപ്പുഴ : വനിതാ കൂട്ടായ്മയായ അപൂർവ ചാരിറ്റബിൾ സൊസൈറ്റിയുടെ 'അപൂർവ മാംഗല്യം' സമൂഹവിവാഹത്തിലൂടെ വണ്ടാനം സ്വദേശിനി അൻസിലയ്ക്കും, തിരുവനന്തപുരം സ്വദേശിനി ശ്രുതിക്കും മംഗല്യഭാഗ്യമൊരുങ്ങി. ആലപ്പുഴയിലെ വനിതകളുടെ കൂട്ടായ്മയായ അപൂർവ ചാരിറ്റബിൾ സൊസൈറ്റി വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് അർഹരായ മൂന്ന് യുവതികളെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഹിന്ദു, മുസ്ലീം മത വിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹം ഇന്നലെ ആലപ്പുഴ ല‌ജ്നത്തുൽ മുഹമ്മദിയ സുവർണജൂബിലി ഹാളിൽ നടന്നു. ക്രിസ്തീയ വിഭാഗത്തിലെ വിവാഹം മറ്റൊരുദിവസം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മരിയ ഉമ്മനും, കമാൽ എം.മാക്കിയിലുമാണ് അപൂർവയുടെ രക്ഷാധികാരികൾ. എ.എം.ആരിഫ്, എച്ച്.സലാം എം.എൽ.എ തുടങ്ങിവരുടെ സാന്നിദ്ധ്യത്തിൽ മതാചാര ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹങ്ങൾ എഴ് പവൻ വീതം സ്വർണാഭരണങ്ങൾ ഇരുവർക്കും സമ്മാനിച്ചു. സൊസൈറ്റി പ്രസിഡന്റ് ഡോ.എ.ഷമീന, സെക്രട്ടറി ഹസീന നൗഷാദ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻവശം പതിനേഴ് വർഷമായി കഞ്ഞിവിറ്റാണ് നീർക്കുന്നം പരിയാരത്ത് വീട്ടിൽ സുബൈദ ഏകമകൾ അൻസിലയെ വളർത്തിയത്. പിതാവിനെ നഷ്ടപ്പെട്ടതോടെ മകളുടെ പൂർണഉത്തരവാദിത്തം സുബൈദയുടെ തലയിലായി. തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിനോക്കവേയാണ് കരുനാഗപ്പള്ളി സ്വദേശി അജിംഷാ അൻസിലയെ കാണുന്നത്. വിവാഹം നടത്താൻ മാർഗമില്ലാതെ വിഷമിക്കവേയാണ് അപൂർവ ഒരുക്കിയ സമൂഹവിവാഹത്തിലൂടെ ഇരുവരും ഒരുമിച്ചത്.

സാമ്പത്തിക ഞെരുക്കം മൂലം മകളുടെ വിവാഹം ചോദ്യചിഹ്നമായി നിൽക്കവേയാണ് തിരുവനന്തപുരം കായിക്കര ചേരത്ത് കടപ്പുറത്ത് കൂലിത്തൊഴിലാളിയായ ബാബു അപൂർവയുടെ സമൂഹവിവാഹത്തെക്കുറിച്ച് അറിഞ്ഞതും മകൾ ശ്രുതിക്കായി അപേക്ഷിച്ചതും. തിരുവനന്തപുരത്ത് തുണിക്കടയിൽ സെയിൽസ് ഗേളാണ്

ശ്രുതി . സമീപത്തെ മുട്ടക്കടയിൽ ജീവനക്കാരനാണ് വരൻ തിരുവനന്തപുരം സ്വദേശി ശ്രീജിത്ത്.