ഹരിപ്പാട്: തീരദേശ പാതയിലൂടെ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ കുറഞ്ഞതോടെ യാത്രക്കാർ വലയുന്നു. ഹരിപ്പാട് ഡിപ്പോയിൽ നിന്നും കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുമുളള സർവീസുകൾ മൂന്നാഴ്ചയായി നിർത്തിവച്ചതോടെയാണ് കരുനാഗപ്പളളി-തോട്ടപ്പളളി റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായത്. ആറാട്ടുപുഴയടക്കമുളള തീരദേശമേഖലയിലെ താമസക്കാരിലേറെയും പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരാണ്. അടുത്തിടെയുണ്ടായ കടലേറ്റത്തിൽ തീരദേശപാതിയിൽ വലിയഴീക്കൽ ഭാഗത്ത് മണൽ കയറിയിരുന്നു. അന്ന്, താത്കാലികമായി നിർത്തിവച്ച സർവീസുകളിൽ മിക്കതും പിന്നീട് ഓടിത്തുടങ്ങിയിട്ടില്ല. കായംകുളം ഡിപ്പോയിൽ നിന്നു വരുന്ന ബസുകൾ മാത്രമാണ് തീരദേശവാസികൾക്കിപ്പോൾ ആശ്രയം. എന്നാൽ രാവിലെ കായംകുളത്തു നിന്ന് പുറപ്പെടുന്ന രണ്ട് ആസ്റ്റർ മെഡിസിറ്റി ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയവയിൽപ്പെടുന്നുണ്ട്. ആലപ്പുഴ, എറണാകുളം ഭാഗത്തേക്ക് പോകുന്ന രോഗികൾ ഉൾപ്പെടെയുളളവർക്ക് വളരെ സഹായരമായിരുന്നു ഈ സർവീസുകൾ.
.......
'' നിറുത്തിയ രണ്ടു ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൽപ്പടെ എല്ലാ സർവീസുകളും പുനരാരംഭിക്കണം.
-കെ. ശ്രീകൃഷ്ണൻ,സി.പി.എം ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി .