ആലപ്പുഴ: കൊടും ചൂടിൽ കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടം ഓടുമ്പോൾ, ആറുമാസമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന കാര്യം അധികൃതർ അറിഞ്ഞമട്ടില്ല. തുമ്പോളി നാരാങ്ങാപ്പള്ളിക്ക് സമീപം കപ്പുച്ചിൻ ആശ്രമത്തിനോട് ചേർന്നുള്ള റോഡിലാണ് രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള ജോലികൾക്കിടെയാണ് പൈപ്പുകളിൽ പൊട്ടലുണ്ടായത്. രാത്രിയെന്നോ പകലെന്നോയില്ലാതെ മാസങ്ങളായി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം ഒഴുകിപ്പോയിട്ടും
ജല അതോറിട്ടിയോ, ദേശീയപാത അധികൃതരോ, പഞ്ചായത്തോ
തിരിഞ്ഞു നോക്കുന്നില്ലെന്നതാണ് പരാതി പറഞ്ഞ് മടുത്ത നാട്ടുകാരുടെ തീരാത്ത വിഷമം.
കുഴൽക്കിണർ ആശ്രയം
ആവശ്യത്തിന് കുടിവെള്ളം പൊതുപൈപ്പിൽ നിന്ന് ലഭിച്ചിരുന്ന പ്രദേശത്ത് ഇപ്പോൾ ക്ഷാമമാണ്.
പൈപ്പ് പൊട്ടലിന് പിന്നാലേ ക്ഷാമം ആരംഭിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ കുഴൽക്കിണർ മാത്രമാണ് ആശ്രയം. നിറവ്യത്യസവും ദുർഗന്ധവുമുള്ള ഈ വെള്ളമാകട്ടെ അടുക്കള ആവശ്യത്തിന് നേരിട്ട് ഉപയോഗിക്കാനാവില്ല. ഇതോടെ ഫിൽറ്ററുള്ള വീട്ടുകാർക്ക് മാത്രം പാചകത്തിന് വെള്ളം ലഭിക്കുന്ന അവസ്ഥയായി.
എത്രയോമാസങ്ങളായി വെള്ളം പാഴാവുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ഈ പൊട്ടൽ വഴി മാലിന്യം പൈപ്പിലെ വെള്ളത്തിലേക്ക് കലരുന്നുണ്ട്
- പ്രദേശവാസികൾ