നാടുമുഴുവൻ പിരിക്കേണ്ട!

കായംകുളം : നടത്തിപ്പ് കരാറെടുത്തവർക്ക് കായംകുളം സസ്യമാർക്കറ്റ് വക സ്ഥലത്ത് മാത്രമേ ചുങ്കം പിരിക്കാൻ അധികാരമുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവ്. മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌ റോഡ്, വെജിറ്റബിൾ മാർക്കറ്റ് റോഡ്, മേടമുക്ക്, ഫിഷ് മാർക്കറ്റ്, എം.എസ്.എം സ്‌കൂൾ റോഡ്, വിഠോബാ റോഡ്, കെ.പി.റോഡ്, പ്രതാംഗമൂട് എന്നിവിടങ്ങളിൽ വാഹനങ്ങളിൽ ചരക്ക് ഇറക്കുന്നതിനും കയറ്റുന്നതിനും കരം പിരിക്കാൻ കരാറുകാർക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം നിയോജക മണ്ഡലം പ്രസിഡന്റും ഒ.എസ്.കെ എന്റർപ്രൈസസ് ഉടമയുമായ സിനിൽ സബാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവ്.

സസ്യമാർക്കറ്റിനു പുറത്ത്, അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുകൾ കയറ്റിവരുന്ന ലോറികളിൽ നിന്നുൾപ്പെടെ യാതൊരു മാനദണ്ഡവുമില്ലാതെ രസീത് നൽകി തുക ഈടാക്കുന്നതായി പരാതിയുണ്ടായിരുന്നു.

നാട്ടുകാരായ പെട്ടിവണ്ടി ഡ്രൈവർമാരും ചരക്ക് എടുക്കുവാൻ വരുന്ന മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ചെടുകിട വ്യാപാരികളും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹന ഡ്രൈവർമാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.

പ്രതിദിനം എത്തുന്നത് 400ഓളം വാഹനങ്ങൾ

 ശരാശരി 400ഓളം വാഹനങ്ങളാണ് ചരക്ക് ഇറക്കുവാനും കയറ്റാനുമായി ഒരുദിവസം മാർക്കറ്റിൽ എത്തുന്നത്

 ആപ്പ, പെട്ടിവണ്ടി എന്നിവക്ക് ഒരു നിരക്കും ലോറി, ട്രക്ക് എന്നിവക്ക് മറ്റൊരു നിരക്കുമാണ് ഈടാക്കുന്നത്.

 സ്വകാര്യവാഹനങ്ങളിലെത്തി ചരക്ക് വാങ്ങിക്കുന്നവരിൽ നിന്നും ഫീസ് ഈടാക്കാറുണ്ട്

 ഒരു ദിവസത്തെ ശരാശരി കളക്ഷൻ ഏകദേശം 15,000 രൂപ മുതൽ 20,000 രൂപ വരെയാണ്

ഗോഡൗണുകൾ മാറ്റി വ്യാപാരികൾ

2022-23 കാലഘട്ടത്തിൽ ഏകദേശം 18 ലക്ഷം രൂപയ്ക്കാണ് സസ്യമാർക്കറ്റിന്റെ കരാർ ലേലത്തിൽ പിടിച്ചത്. നിർബന്ധിത പിരിവാണ് ഈ കാലയളവിൽ നടന്നുകൊണ്ടിരുന്നത്. വാഹനങ്ങൾക്ക് പുറകെപോയി ബൈക്ക് മുന്നിൽ വെച്ച് തടഞ്ഞിട്ട് പിരിവ് പതിവായിരുന്നു. ഇത് സംബന്ധിച്ച് സംഘർഷങ്ങളുമുണ്ടായിട്ടുണ്ട്. ഇതോടെ പല ഹോൾസെയിൽ ഹാർഡ് വെയർ സ്ഥാപനങ്ങളുടെയും ഗോഡൗണുകൾ കാക്കനാട്, എരുവ ഭാഗത്തേക്കും, പലചരക്ക് ഹോൾസെയിൽ സ്ഥാപനങ്ങളുടെ ഗോഡൗണുകൾ മുരുക്കുംമൂട് ഭാഗത്തേക്കും, ഫ്രൂട്ട്‌സ് ഹോൾസെയിൽ വ്യാപാരികളുടെ ഗോഡൗൺ ചേരാവള്ളിയിലേക്കും മാറ്റിയിരുന്നു.