മാന്നാർ: കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പ് തടസ്സപ്പെടുത്തിയത് സംഘർഷാവസ്ഥയിലെത്തി. തുടർന്ന് പ്രസിഡന്റ് രാജിവച്ചു. ഭരണ സമിതിക്കെതിരെ കേസ് നൽകിയവരുടെ ഭവനങ്ങളിൽ പറയെടുക്കാൻ പോകരുതെന്ന തീരുമാനം ബുധനാഴ്ച വൈകിട്ട് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ മാന്നാർ പൊലീസെത്തിയാണ് പരിഹരിച്ചത്.
ക്ഷേത്രത്തിനെതിരെ കേസ് നൽകിയവരിൽപ്പെട്ട കാക്കരേത്ത് മനോജിന്റെ വീട്ടിൽ ബുധനാഴ്ച ഭഗവതിക്ക് പറ സമർപ്പിക്കുന്നതിനായി ഒരുക്കങ്ങൾ നടത്തിയെങ്കിലും പറയെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഇതിനെ ചോദ്യം ചെയ്യുകയും പറയെടുപ്പ് തടയാൻ ശ്രമിക്കുകയുമുണ്ടായി. ഇന്നലെ രാവിലെ സ്ത്രീകൾ ക്ഷേത്രത്തിലെത്തി നാമജപം നടത്തി പ്രതിഷേധിക്കുകയും പ്രശ്നം രൂക്ഷമാവുകയും ചെയ്തതോടെ മാന്നാർ സി.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷത്തെപ്പോലെ പറയെടുപ്പ് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നായിരുന്നു പ്രസിഡന്റിന്റെ രാജി പ്രഖ്യാപനം.
ഇന്നലെ രാവിലെ 11നാണു കുന്നത്തൂർ ദേവസ്വം പ്രസിഡന്റ് സുനിൽശ്രദ്ധേയം സ്ഥാനം രാജിവച്ചത്. മറ്റ് ഭരണ സമിതിയംഗങ്ങളും രാജി സന്നദ്ധത അറിയിച്ചെങ്കിലും പറയെടുപ്പും അകത്തെഴുന്നെള്ളിപ്പും ഉത്സവവും നടക്കേണ്ടതിനാൽ അവരുടെ രാജി പ്രസിഡന്റ് സ്വീകരിക്കാൻ തയ്യാറായില്ല. ഉത്സവം കഴിയുന്നതോടെ മുഴുവൻ ഭരണ സമിതിയംഗങ്ങളും രാജി സമർപ്പിച്ച് പൊതുയോഗം വിളിക്കുമെന്നും സുനിൽ ശ്രദ്ധേയം അറിയിച്ചു. അതുവരെ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് വഹിക്കും. കളവായ പരാതികൾ നൽകിയവർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ ജൂലായിൽ നടന്ന അടിയന്തിര പൊതുയോഗവും ഡിസംബറിൽ നടന്ന വാർഷിക പൊതുയോഗവും നിർദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ചില വ്യക്തികളുടെ ഭവനങ്ങളിൽ പറയെടുപ്പിനു അനുമതി നൽകാതിരുന്നതെന്ന് സുനിൽ ശ്രദ്ധേയം പറഞ്ഞു. പറയെടുപ്പിന്റെ ഒമ്പതാം ദിവസമായ ബുധനാഴ്ച കാക്കരേത്ത് മനോജും കുടുംബവും ബലമായി പറയെടുപ്പിക്കാൻ ശ്രമിക്കുകയും ഇവരുടെ നേതൃത്വത്തിൽ തിരുമേനിയുൾപ്പെടെയുള്ളവരെ മർദ്ദിക്കുകയും ചെയ്തതായും സുനിൽ ശ്രദ്ധേയം ആരോപിച്ചു.