photo

ചാരുംമൂട് : ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളികളും ചാരുംമൂട് കരമുളയ്ക്കലിൽ പ്രതിഷേധിച്ചു. കരിമുളയ്ക്കലുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും സംഘടിച്ച് പ്ലക്കാർഡുകളുമേന്തി എത്തിയത്. ടെസ്റ്റ് നടത്താനെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഇവർ പ്രതിഷേധമറിയിക്കുകയും പുതിയ ഉത്തരവ് മൂലമുള്ള ബുദ്ധിമുട്ടുകൾ സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. ടെസ്റ്റിനെത്തിയ ഒരു യുവതി തനിക്ക് ടെസ്റ്റിൽ പങ്കെടുക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ടെസ്റ്റിനു വാഹനം കൊടുക്കില്ലെന്ന് അറിയിച്ചത് ചെറിയ തോതിൽ വാക്കേറ്റത്തിന് കാരണമായി. സ്വന്തമായോ മറ്റാരുടെയെങ്കിലും സമ്മതത്തോടെയോ വാഹനമെത്തിച്ചാൽ ടെസ്റ്റ് നടത്താം എന്ന് ഉദ്യോഗസ്ഥർ യുവതിയെ അറിയിച്ചതോടെയാണ് തർക്കം അവസാനിച്ചത്. ഇരുചക്ര വാഹനത്തിൽ 8 എടുക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ ക്രമികരണങ്ങൾ ചെയ്തെങ്കിലും പ്രതിഷേധക്കാർ ഗ്രൗണ്ടിൽ കയറി നിന്നതോടെ തടസപ്പെട്ടു. നൂറനാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവിംഗ് സ്കൂൾ ഉടമകളായ സജീവ് റോയൽ,സി എം വർഗീസ്, അച്ചൻകുഞ്ഞ് , സജി, പ്രദീപ്, ജിജി രാജൻ, ബിജു, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.