മാന്നാർ: സാമ്പത്തിക തട്ടിപ്പിനിരയായി മുൻ പഞ്ചായത്ത് പ്രസിഡന്റ് മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന്, തട്ടിപ്പിനിരയായ കൂടുതൽപേർ പരാതി നൽകിയതോടെ തട്ടിപ്പ് സംഘത്തിൽപെട്ടവരുടെ വീടുകളിൽ പൊലീസെത്തി. തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീയപുരം സി.ഐ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തട്ടിപ്പ് സംഘത്തിൽപെട്ട മാന്നാർ സ്വദേശികളുടെ വീടുകളിലെത്തി അന്വേഷണം നടത്തിയത്. കുട്ടമ്പേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു(മോളി), മുൻ പഞ്ചായത്തംഗം കുരട്ടിക്കാട് നേരൂർ ഉഷാ ഗോപാലകൃഷ്ണൻ, തെക്കേവിളയിൽ വിഷ്ണു എന്നിവരുടെ വീടുകളിലാണ് അന്വേഷണ സംഘം എത്തിയത്. ഇവർ സ്ഥലത്തില്ലാത്തതിനാൽ കാണാൻ കഴിയാതെ പൊലീസിന് മടങ്ങേണ്ടി വന്നു. അർദ്ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ എ.സി ശിവൻപിള്ള, വത്സലാ ഭവനിൽ ടി.എൻ വത്സലാകുമാരി, നേരൂർപടിഞ്ഞാറ് രമണി അയ്യപ്പൻ, ശാന്തമ്മ എന്നിവരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവാണ് ശിവൻപിള്ളയുടെ പക്കൽ നിന്നും പലപ്പോഴായി മുപ്പത് ലക്ഷം രൂപ വാങ്ങിയെടുത്തത്. കൂടാതെ പണയംവെയ്ക്കാൻ ആഭരണങ്ങളും വാങ്ങിയെന്നും പരാതിയിൽ പറയുന്നു. മൂന്നുപവനോളം വരുന്ന ആഭരണങ്ങൾ ഈ സംഘത്തിൽപ്പെട്ട ഉഷാ ഗോപാലകൃഷ്ണൻ വാങ്ങിയിട്ട് മൂന്നര വർഷമായെന്നും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും വത്സലാ കുമാരിയുടെ പരാതിയിലുണ്ട്. ശ്രീദേവിയമ്മയുടെ പക്കൽ നിന്നും പലപ്പോഴായി 40 പവനോളം വരുന്ന സ്വർണാഭരണങ്ങളും 65 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മുദ്രപത്രത്തിൽ ഇരുവരും ചേർന്നുണ്ടാക്കിയ കരാർ ഉടമ്പടിയും രേഖയായിയുണ്ട്. അതേസമയം സാമ്പത്തിക തട്ടിപ്പിന്റെ കേസന്വേഷണത്തിന് പുറമെ അമ്മയുടെ മരണകാരണവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീദേവിയമ്മയുടെ മകൾ ശ്രീജാദേവി എസ്.പിക്ക് ഇന്നലെ പരാതി നൽകി.