ആലപ്പുഴ: ദേശീയപാതയോരത്ത് പുലർച്ചെ ടാങ്കർ ലോറിയിൽ നിന്ന് കക്കൂസ് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഇരുചക്രവാഹന യാത്രികരെ പിന്തുടർന്ന് ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. തണ്ണീർമുക്കം കരുണാലയം വീട്ടിൽ പി.ശരത് (29), വിവേക് നിവാസിൽ വി.വിവേക് (30) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് പുലർച്ചെ ദേശീയപാതയിൽ പാതിരപ്പള്ളിക്ക് സമീപത്ത് ഇവർ റോഡരുകിൽ ടാങ്കർ ലോറി നിർത്തി മാലിന്യം തള്ളുന്നത് കണ്ടതിനെ തുടർന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതിനാണ് മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് എട്ടുകണ്ടത്തിൽ എസ്.അജിത്(23), എസ്.സോജു(25) എന്നിവരെ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. പാതിരപ്പള്ളി തെക്ക് പെട്രോൾ പമ്പിന് സമീപം അജിത്തും സോജുവും സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിച്ചശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. സാരമായി പരിക്കേറ്റ അജിതിനെയും സോജുവിനെയും അപകടം കണ്ട് പിന്നാലെ വാഹനങ്ങളിൽ വന്നവർ ചേർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശരത്. ലോറി ഓടിച്ചത് ഉടമ കൂടിയായ ശരത്താണ്. മാലിന്യം തള്ളുന്നത് മൊബൈലിൽ പകർത്തിയതിലെ വൈരാഗ്യം കാരണമാണ് ലോറി ഇടിപ്പിച്ചതെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.