മാന്നാർ: മാന്നാറിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ കോൺഗ്രസ് പ്രവർത്തകർക്കോ മഹിളാ കോൺഗ്രസിനോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ , ഇതിലേക്ക് മഹിളാ കോൺഗ്രസിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് മഹിളാ കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാന്നാറിലും പരിസരപ്രദേശങ്ങളിലുമായി നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയരായിട്ടുള്ളവർ മഹിളാ കോൺഗ്രസ് പ്രവർത്തകരല്ലെന്നും അനുഭാവികൾ മാത്രമാണെന്നും പലപ്പോഴും കുറ്റാരോപിതരായവരെ സംരക്ഷിച്ച് പോന്നിരുന്നത് ഇടതുപക്ഷ നേതാക്കളായിരുന്നുവെന്നും മഹിളാകോൺഗ്രസ് ആരോപിച്ചു.
നൽകിയ പരാതികളിന്മേൽ ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നതിനു പകരം പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് പൊലീസ് കൈക്കൊണ്ടതെന്ന ശ്രീദേവിയമ്മയുടെ മകളുടെ പ്രസ്താവന ഇതിനു തെളിവാണ്. സാമ്പത്തിക തട്ടിപ്പ് കേസിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻപേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മഹിളാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ വത്സല ബാലകൃഷ്ണൻ, ചിത്ര എം.നായർ, ജില്ലാ സെക്രട്ടറി സജി മെഹബൂബ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ ജ്യോതി വേലൂർമഠം, ഹസീന സലാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു