കുട്ടനാട്: കിടങ്ങറ മുട്ടാർ പാലത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായ സ്ഥിതിക്ക് എ.സി കനാലിന് കുറുകെയുള്ള മുട്ട് പൊളിച്ചുമാറ്റാൻ തയ്യാറാകണമെന്ന ആവശ്യവുമായി
നാട്ടുകാർ രംഗത്ത്.
മുട്ട് പൊളിച്ചുമാറ്റി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് രാമങ്കരി പഞ്ചായത്ത് കരാർ കമ്പനിയായ ഊരാളുങ്കൾ സൊസൈറ്റിക്ക് രണ്ടുപ്രാവശ്യം കത്ത് നൽകിയിരുന്നു. എന്നിട്ടും
നടപടി വൈകുന്ന സാഹചര്യത്തിലാണ് ഒന്നാങ്കര മുതൽ കിടങ്ങവരെയുള്ള എ.സി കനാലിന്റെ തീരത്തോട് ചേർന്ന് താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.
മുട്ട് സ്ഥാപിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. ഇത്രയും നാൾ കനാലിൽ നീരൊഴുക്ക് തടസപ്പെട്ട് പ്രദേശത്ത് പലതരത്തിലുള്ള സാംക്രമികരോഗങ്ങൾ പടർന്നുപിടിച്ചിരുന്നു.കൂടാതെ, എ.സി റോഡിനോട് ചേർന്ന് ഫുട്പാത്ത് കച്ചവടം നടത്തിവരുന്നവരെയും രോഗഭീതിയിലാക്കിയിരുന്നു. ഇതോടെയാണ് പ്രതിഷേധിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും
-ആർ.രാജേന്ദ്രകുമാർ, പഞ്ചായത്ത് പ്രസിഡന്റ്