ആലപ്പുഴ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണം ഉൾപ്പടെ വേഗത്തിലാക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ, തോടുകൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കിത്തുടങ്ങി. കായലുകളിലെയും കനാലുകളിലെയും പോള നീക്കി നീരൊഴുക്ക് സുഗമമാക്കും. മഴക്കാല പൂർവ്വ ശുചീകരണം ലക്ഷ്യമാക്കി ആലപ്പുഴ നഗരസഭ വാർഡ് തലത്തിൽ ആക്ഷൻ പ്ലാനുകൾ തയാറാക്കി. വാർഡ് ഒന്നിന് 30,000 രൂപ വീതം അനുവദിക്കാനും തീരുമാനമായി. നഗരസഭ ടൗൺ ഹാളിൽ നടന്ന കൗൺസിലർമാരുടേയും വാർഡ് കോ- ഓർഡിനേറ്റർമാരുടേയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടേയും യോഗത്തിലാണ് പ്രവൃത്തികളുടെ അന്തിമ രേഖ തയ്യാറാക്കിയത്.
കാലവർഷം ശക്തിപ്രാപിക്കുന്നതോടെ വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ, വാർഡുകളിലെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സ്ഥലങ്ങൾ, ജലനിർഗ്ഗമനം സുഗമമാക്കാൻ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ, തോടുകളിലേയും ഇടത്തോടുകളിലേയും ഓടകളിലേയും നീരൊഴുക്ക് സുഗമമാക്കൽ, ജലജന്യ രോഗ പ്രതിരോധം, കൊതുക് പ്രതിരോധത്തിനായി ഫ്യൂമിഗേഷനും ഫോഗിംഗും എന്നിവയ്ക്കായുള്ള പ്രവൃത്തി രേഖയുംതയ്യാറായി.
15ന് മുമ്പ് പൂർത്തിയാക്കും
നഗരത്തിലെ 27 തോടുകളിൽ ശുചീകരണ ജോലികൾ ഉടൻ പൂർത്തിയാക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് ശുചീകരണ പ്രവർത്തികൾ നടത്തുന്നത്. പോളകൾ നിറഞ്ഞ ഷഡാമണിതോടും റാണിത്തോടിലും പോളകൾ നീക്കം ചെയ്യാൻ ആവശ്യമെങ്കിൽ പള്ളാത്തുരുത്തിയിൽ നിന്നുള്ള തൊഴിലാളികളെയും നിയോഗിക്കും.15നകം ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കാനാണ് തീരുമാനം.