ambala
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് പുന്നപ്ര ഫിഷ് ലാൻഡ് സെന്ററിൽ കടൽ കയറിയപ്പോൾ

അമ്പലപ്പുഴ: കരൂർ, അയ്യൻകോയിക്കൽ, തോട്ടപ്പള്ളി, കാക്കാഴം, വളഞ്ഞവഴി, പുന്നപ്ര ഭാഗങ്ങളിൽ ഇന്നലെ വൈകിട്ടോടെ കൂറ്റൻ തിരമാലകൾ അടിച്ചു കയറിയത് തീരവാസികളെ ഭയപ്പാടിലാക്കി. ഏഴു മണിയോടെയാണ് 3 മീറ്ററോളം ഉയരത്തിൽ പൊങ്ങിയെത്തിയ തിരമാലകൾ കടൽഭിത്തിയും കടന്ന് തീരദേശ റോഡു വരെയെത്തിയത്.

അയ്യൻ കോയിക്കലിൽ കരയിൽ കയറ്റിവച്ചിരുന്ന 4 ഫൈബർ വള്ളങ്ങൾ തിരമാലയിൽ ഒലിച്ചുപോയെങ്കിലും പ്രദേശത്തുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവർ ചേർന്ന് ഇവ കരയിലേക്ക് വലിച്ചുകയറ്റി. ജാഗ്രതാനിർദ്ദേശത്തെ തുടർന്ന് വലിയ വള്ളങ്ങളെല്ലാം കരയിലേക്ക് വലിച്ചു കയറ്റിയിരുന്നതിനാൽ കൂടുതൽ കുഴപ്പം ഉണ്ടായില്ല. ലേല ഹാളിനു സമീപത്തെ ഏതാനും വീടുകളുടെ ചുറ്റും കടൽവെള്ളം നിറഞ്ഞു. വാസു പുതുവൽ, സുധീഷ് പുതുവൽ, പൊടിമോൻ പുതുവൽ, സലാം പുത്തൻപുരയ്ക്കൽ, ഇന്ദിര പുതുവൽ എന്നിവരുടെ വീടുകൾക്കു ചുറ്റുമാണ് വെള്ളം കയറിയത്.

വളഞ്ഞവഴിയിൽ കടൽഭിത്തിയില്ലാത്ത ഭാഗത്ത് തിരമാലകൾ ശക്തമായി വീടുകളിലേക്ക് അടിച്ചുകയറി. ഈ ഭാഗത്തെ എട്ടു വീടുകൾ തകർച്ചാഭീഷണിയിലാണ്. പുന്നപ്ര ഫിഷ് ലാൻഡ് സെന്ററിലടക്കം വെള്ളം കയറി. വണ്ടാനം മാധവൻ മുക്ക്, പറവൂർ ഗലീലിയ, വിയാനി, അറപ്പപൊഴി തീരങ്ങളിൽ കടലേറ്റമുണ്ടായി.