ആലപ്പുഴ : അമിത ഉപഭോഗത്തെത്തുടർന്നുള്ള ലോഡ് താങ്ങാനാകാതെ വൈദ്യുതി തടസം തുടർക്കഥയാകുന്ന ആലപ്പുഴയിലും കർശന നിയന്ത്രണത്തിന് നീക്കം. പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണം ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് കർശന നടപടികൾക്ക് നീക്കം നടക്കുന്നത്.

കഴിഞ്ഞദിവസം കള്ളക്കടൽ - കടൽകയറ്റ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തനിവാരണ അതോറിട്ടിയുടെ ജാഗ്രതാ നിർദേശം നിലനിലനിന്ന പുന്നപ്രയിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചതിനെ തുടർന്ന് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചത് സംഘർഷാന്തരീക്ഷത്തിന് കാരണമായി. ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു ഉപരോധം. കെ.എഫ്.തോബിയാസിന്റെ നേതൃത്വത്തിൽ 50ഓളം പ്രദേശവാസികളാണ് ഉപരോധ സമരം നടത്തിയത് .

രണ്ടരമണിക്കൂറിന് ശേഷം വൈദ്യുതിബന്ധം പുനസ്ഥാപിച്ചശേഷമാണ് നാട്ടുകാർ ഉപരോധത്തിൽ നിന്ന് പിൻമാറിയത്.
ആദ്യപടിയായി ഹെടെൻഷൻ ഉപഭോക്താക്കളോടും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളോടും രാത്രിയിലെ ഉപഭോഗം പരമാവധി കുറയ്ക്കാൻ കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

നിയന്ത്രണവുമായി കെ.എസ്.ഇ.ബി

 ആശുപത്രികൾ , മാളുകൾ എന്നിവിടങ്ങളിൽ പമ്പിംഗ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പകൽ സമയത്തേക്ക് മാറ്റി രാത്രിയിലെ ഉപഭോഗം കുറയ്ക്കണം

 ഹോട്ടലുകൾ, വാണിജ്യസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ ബോർഡുകളിലും മറ്റുമുള്ള അനാവശ്യ ലൈറ്റിംഗുകൾ ഒഴിവാക്കണം

 വൈകുന്നരം 6 മുതൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതൊഴിവാക്കുന്നതിലുൾപ്പെടെ ഗാർഹിക ഉപഭോക്താക്കളും ശ്രദ്ധിക്കണം

 പമ്പിംഗ്, വാട്ടർ ഹീറ്റർ എന്നിവയുടെ ഉപയോഗം പകലാക്കുന്നതിനും എയർ കണ്ടീഷണറുകൾ പരമാവധി 27 ഡിഗ്രിയിൽ ക്രമീകരിക്കുന്നതിനും നിർദ്ദേശമുണ്ട്