ആലപ്പുഴ : കെ.എസ്.ആർ.ടി.സി രാത്രികാല ഓർഡിനറി സർവീസുകൾ മുന്നറിയിപ്പില്ലാതെ നിറുത്തലാക്കുന്നത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. രാത്രി 8നുള്ള ചേർത്തല, 9നുള്ള മുഹമ്മ സർവീസുകളാണ് ഏതാനും ദിവസങ്ങളായി പതിവായി മുടങ്ങുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി സർവീസും അപ്രതീക്ഷിതമായി മുടങ്ങിയിരുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളടക്കമുള്ളവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. മണിക്കൂറുകൾ കാത്തു നിന്നാലേ അടുത്ത ബസ് ലഭിക്കുകയുള്ളൂ. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കുമ്പോൾ കൂടുതൽ ടിക്കറ്റ് ചാർജ് നൽകുകയും വേണം. മാത്രമല്ല, യാത്രക്കാർക്ക് ഇറങ്ങേണ്ടിടത്ത് ഈ ബസുകൾക്ക് സ്റ്റോപ്പില്ലാത്തതും പ്രശ്നമാണ്. കൂടുതൽ ടിക്കറ്റ് ചാർജ് നൽകേണ്ടി വരുന്നത് ചെറിയ വേതനത്തിന് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.
7.30ന്റെ ബസ് കഴിഞ്ഞാൽ അടുത്തത് 9ന്
1.ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 7.30നുള്ള ചേർത്തല ഓർഡിനറി ബസ് കിട്ടിയില്ലെങ്കിൽ അടുത്ത ഓർഡിനറിക്കായി 9മണി വരെ കാത്തുനിൽക്കണം
2.സ്വകാര്യ ബസുകൾ രാത്രി എട്ടിന് മുമ്പ് സർവീസ് അവസാനിപ്പിക്കുന്നതും ഇവയ്ക്ക് കലവൂർ വരെ മാത്രമേ സർവീസുള്ളു എന്നതിനാലും കെ.എസ്.ആർ.ടി.സി മാത്രമാണ് ആശ്രയം
3. തീരദേശ റൂട്ടുകളിലേക്ക് അടക്കം എത്തേണ്ടവർക്ക് ബസ് വൈകുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്
എല്ലാ ദിവസവും ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്താൽ ശമ്പളം യാത്രാ ചെലവിന് മാത്രമേ തികയുകയുള്ളൂ. ഓർഡിനറി ബസ്സുകൾ പുനഃസ്ഥാപിച്ച് യാത്രാക്ളേശം പരിഹരിക്കണം
- ചേർത്തല റൂട്ടിലെ വനിതാ യാത്രക്കാർ