അമ്പലപ്പുഴ : പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ക്യാമ്പ് സർഗോത്സവം 2024 18 ,19 തീയതികളിൽ നടക്കും. 18 ന് രാവിലെ 10 ന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.നെടുമുടി ഹരികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. തങ്കജി അദ്ധ്യക്ഷനാകും. സെക്രട്ടറി ശ്യാം എസ്. കാര്യാതി, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് .പ്രസിഡന്റ് എൻ. എസ്. ഗോപാലകൃഷ്ണൻ, എ. നസീർ, റാണി ഹരിദാസ്, അനീഷ് അശോകൻ, ആർ. അമൃത രാജ് എന്നിവർ സംസാരിക്കും. തുടർന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സന്ദീപ് ഉണ്ണികൃഷ്ണൻ 'പ്രകൃതി ഒരു വിസ്മയം' എന്ന വിഷയത്തിലും വൈകിട്ട് 3 ന് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഞ്ജു എസ്. റാം ജീവിതമാണ് ലഹരി എന്ന വിഷയത്തിലും ബോധവത്കരണ ക്ലാസ് നയിക്കും. 19 ന് രാവിലെ 10 ന് കലാസ്വാദനത്തിലൂടെ വ്യക്തിത്വ വികസനം എന്നത് ശ്രീകുമാർ എസ്. നായർ കുട്ടികളെ പരിചയപ്പെടുത്തും. ഉചയ്ക്ക് 2.30 ന് പുന്നപ്ര ജ്യോതികുമാർ നാടൻ പാട്ടും നാട്ടറിവും . വൈകിട്ട് 5.30 ന് ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. തങ്കജിയുടെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം സിനിമ നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും. സ്വരാജ് ട്രോഫി നേടിയ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിനെയും ഏറ്റവും നല്ല ഐ. സി. ഡി .എസ് സൂപ്പർവൈസറായി തിരഞ്ഞെടുത്ത അഞ്ജു അരുമനായകനെയും ചടങ്ങിൽ ആദരിക്കും. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് വിതരണം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിസന്റ് അലിയാർ എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തും. പുന്നപ്ര തെക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ആന്റണി, ധീവരസഭ കരയോഗം പ്രസിഡന്റ് ഡി.അഖിലാനന്ദൻ, ജി.ദയാപരൻ, കെ.സുനിൽ എന്നിവർ സംസാരിക്കും. അഞ്ജു അരുമനായകനാണ് ക്യാമ്പ് ഡയറക്ടർ.