photo

ചാരുംമൂട്: ഇന്നോവ കാറിന്റെ ഡോറിൽ ഉൾപ്പെടെ ഇരുന്ന് അഭ്യാസ പ്രകടനം നടത്തി അപകടകരമായി യാത്ര ചെയ്ത നാല് യുവാക്കൾക്ക് ഒരാഴ്ച ആശുപത്രി സേവനം ഉൾപ്പെടെ ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. കാറിലുണ്ടായിരുന്ന ആദിക്കാട്ടുകുളങ്ങര, ശൂരനാട് സ്വദേശികളായ അഫ്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, ഫജാസ് എന്നിവർ ഇന്നുമുതൽ നാലു ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ, അത്യാഹിത വിഭാഗങ്ങളിൽ സഹായികളായി നിൽക്കണം. തുടർന്നുള്ള മൂന്നുദിവസം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ സേവനം നൽകണം. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജിന്റേതാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് കെ.പി റോഡിൽ ഇവരുടെ അഭ്യാസ പ്രകടനം. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കാറിനെയും യാത്ര ചെയ്തവരെയും കണ്ടെത്തുകയായിരുന്നു. കാർ പിടിച്ചെടുത്തു. കാർ ഓടിച്ചിരുന്ന അൽ ഖാലിദ് ബിൻ സാജിറിന്റെ ലൈസൻസ് റദ്ദാക്കി. രണ്ടായിരം രൂപ പിഴയും ചുമത്തി.

പരിഷ്കരിച്ച കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം അപകടകരമായ യാത്രയ്ക്ക് പിഴ ചുമത്തുന്നതിന് പുറമേ സാമൂഹ്യ സേവനത്തിന് നിയോഗിക്കാമെന്നും നിർദ്ദേശമുണ്ട്. ഇതുപ്രകാരമാണ് നടപടി. സാമൂഹ്യസേവനം പൂർത്തിയാക്കി അവിട‌െ നിന്നുള്ള സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പിൽ ഹാജരാക്കണം.

അഭിനന്ദിച്ച് മന്ത്രി

അപകടകരമായ രീതിയിൽ യാത്ര ചെയ്ത യുവാക്കളെ കണ്ടെത്തി സാമൂഹ്യസേവനത്തിന് നിയോഗിച്ച മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിനെ മന്ത്രി കെ.ബി.ഗണേശ് കുമാറും എം.എസ്.അരുൺ കുമാർ എം.എൽ.എയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.