noopuradhwani-

മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്ര നടയിൽ പാട്ടു പാടിയും മിമിക്രി നടത്തിയും 'അത്ഭുത ദ്വീപ്' സിനിമയിലെ ഗജേന്ദ്ര രാജകുമാരൻ ചലച്ചിത്ര താരം ഗിന്നസ് പക്രു കാണികളുടെ കുട്ടികളുടെയും മുതിർന്നവരുടെയും മനം കവർന്നു. കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തിന്റെ പന്ത്രണ്ടാം ദിവസമായ ശനിയാഴ്ച നടന്ന ഭാരതനാട്യ അരങ്ങേറ്റം നൂപുരധ്വനി 2024 ന്റെ ഉദ്‌ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു ഗിന്നസ് പക്രു. രണ്ട് പതിറ്റാണ്ടായി മാന്നാറിലും പരിസരപ്രദേശങ്ങളിലും നൂറു കണക്കിന് കുട്ടികളെ നൃത്ത രംഗത്തേക്ക് കൈപിടിച്ചുയർത്തിയ പേങ്ങാട്ടുമഠം നൃത്തസംഗീത വിദ്യാലയത്തിലെ പതിനാറോളം കുട്ടികളാണ് കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്ര സന്നിധിയിൽ അരങ്ങേറ്റം കുറിച്ചത്. പാട്ടമ്പലം ദേവസ്വം പ്രസിഡന്റ് ബി.ശ്രീകുമാർ, സന്തോഷ് പേങ്ങാട്ടുമഠം, ആർ.എൽ.വി രശ്മി സന്തോഷ് എന്നിവർ ഗിന്നസ് പക്രുവിനെ ചടങ്ങിൽ ആദരിച്ചു.