മാന്നാർ: ലക്ഷങ്ങൾ ചെലവാക്കി പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളും കൈത്തറി യൂണിറ്റും നാശത്തിന്റെ വക്കിൽ. എസ്.സി ഫണ്ടുകൾ പാഴാക്കിക്കളഞ്ഞതിന്റെ നേർസാക്ഷ്യമാണ് മാന്നാർ പഞ്ചായത്ത് 11-ാംവാർഡിലെ തൈച്ചിറ കമ്മ്യൂണിറ്റി ഹാളും കൈത്തറി യൂണിറ്റും. 2007ൽ നിർമ്മിച്ചതാണ് കൈത്തറി വസ്ത്ര നിർമ്മാണ യൂണിറ്റ്. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുകയും തറി ഉൾപ്പെടെയുളള ഉപകരണങ്ങൾ വാങ്ങിക്കുയും ചെയ്തത്. 30 വനിതകൾക്ക് കണ്ണൂരിലും പല്ലാരിമംഗലത്തും 3 മാസത്തെ പരിശീലനം നൽകിയശേഷം ഇവിടെ വസ്ത്ര നിർമ്മാണം ആരംഭിച്ചു. രണ്ട് മാസത്തോളം മാത്രമെ ഈ യൂണിറ്റ് നന്നായി പ്രവർത്തിച്ചുളളു. ഇക്കാലയളവിൽ തൊഴിലാളികൾ ഷീറ്റ് , തോർത്ത്, മറ്റ് വസ്ത്രങ്ങൾ എന്നിവ നിർമ്മിച്ച് വിപണനം നടത്തിയിരുന്നു. എന്നാൽ പിന്നീട് സാധനങ്ങൾ വാങ്ങിക്കാതെ വരികയും ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥന്റെ പേരിൽ ആരോപണങ്ങൾ ഉയരുകയും ചെയ്തതോടെ കൈത്തറി യൂണിറ്റ് നിശ്ചലാവസ്ഥയിലായി. യൂണിറ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഒബ്ജക്ഷനും വന്നു. ജോലിക്കർക്ക് വേതനം ലഭിക്കാതെ വന്നതോടെ അവർ ജോലി ഉപേക്ഷിച്ചു. നിലവിൽ കെട്ടിടവും യന്ത്രങ്ങളും നശിച്ചുകിടക്കുകയാണ്. നിർവ്വഹണ ഉദ്യോഗസ്ഥൻ ദീർഘകാലം സസ് പെർഷനിലാവുകയും പിന്നീട് മരിക്കുകയും ചെയ്തു.
.........
# സംരക്ഷിക്കാനാളില്ലാതെ തൈച്ചിറകമ്യൂണിറ്റി ഹാൾ
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയോളം ചെലവഴിച്ച് 2009 ൽ പണിതതാണ് തൈച്ചിറകമ്യൂണിറ്റി ഹാൾ. തൈച്ചിറ കോളനിയോട് ചേർന്നിൽക്കുന്ന ഹാളിന്റെ ഉദ്ഘാടനം കഴിഞ്ഞതല്ലാതെ ഒരു പരിപാടിയും നടന്നിട്ടില്ല. ആദ്യകാലങ്ങളിൽ വെളളപ്പൊക്ക സമയത്ത് കോളനി നിവാസികൾ ഇവിടെ താമസിച്ചിരുന്നു. എന്നാൽ പൂർണ്ണമായും നശിച്ചതോടെ ഇപ്പോൾ താമസിക്കാനും കഴിയില്ല.
കാലാകാലങ്ങളിൽ എസ്.സി .ഫണ്ട് ഉപയോഗിച്ച് കെട്ടടിടങ്ങൾ പണിതാൽ ഈ കെട്ടിടങ്ങളെ പിന്നീട് നിരീക്ഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത് അവയുടെ തകർച്ചയ്ക്ക് കാരണമാകുന്നു.
.........
''ചെങ്ങന്നൂർ ബ്ലോക്ക് പഞ്ഞായത്തിന്റെ കീഴിലായിരുന്നപ്പോഴാണ് തൈച്ചിറ കമ്യൂണിറ്റി ഹാൾ പണിയുന്നത്. പിന്നിട് ഇത് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായി. ഇതുമൂലം കമ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ട രേഖകൾക്ക് രണ്ട് ബ്ലോക്ക് പഞ്ചായത്തിലും കയറിയിറങ്ങേണ്ട അവസ്ഥയായി. തകർന്നുപോയ കെട്ടിയങ്ങൾ നന്നാക്കിയെടുത്ത് നാടിന് പ്രയോജനപ്പെടുത്തുന്നതിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ പരിഗണന നൽകണം
-നാട്ടുകാർ