ആലപ്പുഴ: വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന ലജ്‌നത്ത് വാർഡിൽ ആരിഫ മൻസിലിൽ സിനാജ് (50) പിടിയിലായി. ആലപ്പുഴ ഡിവൈ എസ്.പി രൂപികരിച്ച ടീം തിരുവനന്തപുരം ഈഞ്ചക്കൽ ഭാഗത്ത് വച്ചാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. സംസ്ഥാനത്തിലെ പല സ്ഥലങ്ങളിൽ നിന്നും വില കൂടിയ നിരവധി മൊബൈൽ ഫോണുകൾ മോഷണം ചെയ്യുകയും, നിർത്തിയിട്ടിരിക്കുന്ന കാറുകളുടെ ഗ്ലാസുകൾ പൊട്ടിച്ച് അതിനുള്ളിലെ വില കൂടിയ സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ പ്രധാനരീതി. ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിവിധ ജില്ലകളിലെ പൊലീസ് അന്വേഷിച്ച് വരികയാണ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൾ കേസുകളുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി ടി.ബി.വിജയന്റെ നേതൃത്വത്തിൽ നോർത്ത് എസ്.എച്ച്.ഒ സുമേഷ് സുധാകരൻ, എസ്.ഐമാരായ സെബാസ്റ്റിൻ ചാക്കോ, ടി.ഡി.നെവിൻ, മോഹൻകുമാർ, സീനിയർ സി.പി.ഒ വിപിൻദാസ്,സി.പി.ഒ ആർ ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.