ഹരിപ്പാട് : ആനവണ്ടി പ്രേമികളുടെ മൊഞ്ചത്തിയാണ് ഹരിപ്പാട് ഡിപ്പോയിലെ ആർ.എസ്.എ 220 ഓർഡിനറി ബസ്. കെ.എസ്.ആർ.ടി.സി ബസുകൾ കല്യാണ ട്രിപ്പുകൾക്ക് അയച്ചുതുടങ്ങിയതോടെ ആർ.എസ്.എ 220നും തിരക്കോട് തിരക്കാണ്.
ആലപ്പുഴ ജില്ലയിൽ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ഏപ്രിൽ 21 മുതൽ മേയ് 5 വരെ ആകെ 15 കല്യാണ ട്രിപ്പുകളാണ് നടന്നത്. ഏറ്റവും കൂടുതൽ ട്രിപ്പുകൾ ഹരിപ്പാട് ( 7) ഡിപ്പോയിൽ നിന്നായിരുന്നു. എടത്വ(4),കായംകുളം(3),ചേർത്തല (1) എന്നീ ഡിപ്പോകളിൽ നിന്നുമായിരുന്നു മറ്റ് ട്രിപ്പുകൾ.
ഹരിപ്പാട് ഡിപ്പോയിൽ ആർ.എസ്.എ 220 എന്ന ബസിനോടാണ് എല്ലാവർക്കും പ്രിയം. ഈ ബസിനെ പൊന്നുപോലെ നോക്കുന്നത് ഡ്രൈവർ ഗിരി ഗോപിനാഥും ഭാര്യയും കണ്ടക്ടറുമായ താര ദാമോദരനുമാണ്. തൃക്കുന്നപ്പുഴ സ്വദേശിയായ ശ്യാം കുമാറിന്റെയും,ചെറിയനാട് സ്വദേശിനിയായ അഖില കൃഷ്ണന്റെയും വിവാഹട്രിപ്പായിരുന്നു ഇന്നലെ ഈ ബസിനുണ്ടായിരുന്നത്. ചെറിയനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
നാല് മണിക്കൂർ യാത്രയ്ക്ക് മിനി ബസിന് 8000 രൂപ, ഓർഡിനറി 8500 രൂപ , ഫാസ്റ്റ് പാസഞ്ചർ 9000 രൂപ, സൂപ്പർ ഫാസ്റ്റ് 9500രൂപ, എക്സ്പ്രസ് 10,000 രൂപ, വോൾവോ എ.സി 11,500 രൂപ, വോൾവോ മൾട്ടി ആക്സിൽ 13,000രൂപ, സ്വിഫ്ട് എ.സി 12,000 രൂപ, സ്വിഫ്ട് സ്ലീപ്പർ 15,000 രൂപ എന്നിങ്ങനെയാണ് വിവാഹ ട്രിപ്പുകൾക്ക് കെ.എസ്.ആർ.ടി.സിയുടെ നിരക്ക് .