കായംകുളം : സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതായതോടെ കായംകുളത്തിന് ഗവ.ഐ.ടി.ഐ നഷ്ടമായി. എസ്.എസ്.എൽ.സി ഫലം വന്നെങ്കിലും പുതിയ അദ്ധ്യയനവർഷം അഡ്മിഷൻ നടപടികൾ സ്വീകരിക്കേണ്ടന്ന് തൊഴിൽ വകുപ്പ് ഡയറക്ടർ പ്രിൻസിപ്പലിന് നിർദ്ദേശം നൽകി.
ജി.സുധാകരന്റെ ശ്രമഫലമായി കായംകുളത്ത് ആരംഭിച്ച ഐ.ടി.ഐയ്ക്ക് സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിൽ ജനപ്രതിനിധികൾ ശ്രദ്ധകാട്ടാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. സ്ഥലം ഏറ്റെടുത്ത് നൽകിയില്ലങ്കിൽ ഐ.ടി.ഐ അടച്ച് പൂട്ടുമെന്ന് പലപ്പോഴായി മുന്നറിയിപ്പ് നൽകിയിരുന്നു. ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം അനുവദിച്ചത്. ഐ.ടി.ഐ ഇപ്പോൾ നഗരസഭയുടെ കടമുറിയിലാണ് പ്രവർത്തിയ്ക്കുന്നത് .രണ്ട് വർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്‌സുകളിലേക്കായി നൂറോളം വിദ്യാർത്ഥികൾക്കായിരുന്നു പ്രവേശനം. ഇരുപതോളം ജീവനക്കാരുമുണ്ട്.
ഭൂമി ഏറ്റെടുക്കാൻ മടി
സ്ഥലത്തിൽ ഭൂമാഫിയ പിടിമിറുക്കിയതോടെയാണ് സ്ഥലം ഏറ്റെടുക്കൽ അനിശ്ചിതത്തിലായത്. സമീപ പഞ്ചായത്തുകളിലോ കരീലക്കുളങ്ങര സഹകരണ സ്പിന്നിംഗ് വളപ്പിൽ വളപ്പിലോ സ്ഥലം ലഭ്യമാക്കാനുള്ള നീക്കവും പരാജയപ്പെട്ടു
റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള വെട്ടത്തയ്യത്ത് വയൽ ഐ.ടി.ഐയ്ക്കും സ്റ്റേഡിയത്തിനുമായി ഏറ്റെടുക്കാൻ 2014 ലെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇതിനായുള്ള തുക ജില്ലാ കളക്ടറുടെ വർക്ക് ഡിപ്പോസിറ്റ് ഫണ്ടിലേയ്ക്ക് അടച്ചുവെങ്കിലും ഭൂമാഫിയയ്ക്ക് അനുകൂലമായ നിലപാടാണ് നഗരസഭ സ്വീകരിച്ചത്
3.5 കോടി രൂപയാണ് നഗരസഭ അടച്ചത്. ഇതിൽ ഐ ടി ഐയ്ക്ക് 75 ലക്ഷവും സ്റ്റേഡിയത്തിന് 1.25 കോടിയുമാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്കു മാറ്റിയത്.
കായംകുളം വില്ലേജിൽ റീ സർവ്വേ നമ്പർ 113/26, 139/48, 139/49 ൽപ്പെട്ട 40.47 ആർസ് ഭൂമി 2013 ലെ ഭൂനിയമ പ്രകാരവും, സഥലം ഏറ്റെടുക്കുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ, സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കുന്നതിന് സാധിച്ചില്ലെന്നാണ് വിശദീകരണം
സ്ഥലം ഏറ്റെടുക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഭരണാനുമതിയും ആവശ്യമാണ്. വഴി പ്രശ്നം,നീരൊഴുക്ക് പ്രശ്നം,നിലം നികത്തൽ അടക്കം നിരവധി പ്രശ്നങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഐ.ടി.ഐ ക്ക് വസ്തു കണ്ടെത്തി കെട്ടിടം പണിയണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങൾ കായംകുളത്ത് നടന്നിരുന്നു. പദ്ധതി അട്ടിമറിക്കുവാനാണ് ഭരണ നേതൃത്വം ശ്രമിച്ചത്. ഇതിന്റെ പിന്നിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്.
-ബിദു രാഘവൻ കോൺഗ്രസ് നഗരസഭ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ