ഹരിപ്പാട് : കഴിഞ്ഞ ദിവസങ്ങളിൽ കലിതുള്ളിയ കടൽ അടങ്ങിയിട്ടും പ്രതിഷേധം അടങ്ങാതെ തീരദേശം. തീരം സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട്, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ കടലാക്രമണത്തെ തുടർന്ന് റോഡിൽ അടിഞ്ഞുകൂടിയ മണൽ നീക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇവിടെ റോഡിൽ രണ്ടടിയോളം ഉയരത്തിൽ മണ്ണടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി എത്തിയ സംഘത്തെയാണ് തടഞ്ഞത്. ഈ പ്രദേശത്തു കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. ഏതുനിമിഷവും റോഡ് കടലെടത്തു പോകാവുന്ന സ്ഥിതിയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലും ആറാട്ടുപുഴ എം.ഇ.എസ്. ജംഗ്ഷൻ, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്ഷൻ എന്നിവിടങ്ങളിലുമാണ് കഴിഞ്ഞ ദിവസം കടലാക്രമണം ഏറെ ദുരിതം വിതച്ചത്. ഗസ്റ്റ് ഹൗസ് ജംഗ്ഷൻ പ്രദേശത്ത് ഒഴികെ തീരദേശ റോഡിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ അടിഞ്ഞു കയറിയ മണൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു.
ഏപ്രിലിലെ ഉറപ്പ് പാലിച്ചില്ല
കഴിഞ്ഞ ഏപ്രിൽ ഒന്നിന് സമാന രീതിയിൽ കടൽ കയറ്റത്തിൽ റോഡിൽ മണ്ണ് അടിഞ്ഞിരുന്നു. അന്നും നാട്ടുകാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥലത്തെത്തിയ തഹസീൽദാർ കളക്ടറുടെ നിർദ്ദേശ പ്രകാരം, ഏപ്രിൽ 5ന് മുമ്പ് പ്രദേശത്ത് മണൽചാക്ക് നിരത്തി തീരസംരക്ഷണം ഉറപ്പ് നൽകുമെന്ന് എഴുതി ഒപ്പിട്ടു നൽകിയിരുന്നു. ഈ നിർദ്ദേശം ഇതു വരെ പാലിക്കപ്പെട്ടിട്ടില്ല. ഇതിൽ തീരുമാനമാകാതെ മണ്ണ് മാറ്റാൻ അനുവദിക്കില്ലെന്ന വാശിയിലാണ് തീരദേശവാസികൾ.
എം.ഇ.എസ് ജംഗ്ഷനിലുള്ള പുരാതനമായ പടിഞ്ഞാറെ ജുമാ മസ്ജിദും അതിനോട് ചേർന്നുള്ള കബർസ്ഥാനും കടലാക്രമണ ഭീഷണി നേരിടുകയാണ്. കൂടുതൽ അപകടാവസ്ഥയുള്ള സ്ഥലങ്ങളിൽ തീരം സംരക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം
- പ്രദേശവാസികൾ