ആലപ്പുഴ : ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തകഴി തെന്നടി നാരായണമംഗലത്ത് ഹരികുമാർ (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.20ന് ദേശീയപാതയിൽ പാതിരപ്പള്ളിയിലായിരുന്നു അപകടം. തകരാറിലായ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുവന്ന മറ്റൊരു ഓട്ടോറിക്ഷ ചെട്ടികാട് - പാതിരാപ്പള്ളി റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം.
പിന്നിലേക്ക് കെട്ടിയിരുന്ന കയർ കാണാതെ സ്കൂട്ടറോടിച്ചെത്തിയ ഹരികുമാർ ഇതിൽ കുരുങ്ങുകയായിരുന്നു. റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ജോലിയുള്ള മകളെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഇറക്കിയശേഷം ജോലി ചെയ്യുന്ന കലവൂരിലെ ബേക്കറിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഭാര്യ: അനിത. മക്കൾ: ഹൃദ്യ, ഹരി, അനന്തു.